മരക്കാറിനോട് അത് ചെയ്യരുത്, നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക: പ്രിയദര്‍ശന്‍

 

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍ . സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലുടെയാണ് പ്രേക്ഷകര്‍ക്ക് സംവിധായകന്‍ നന്ദ്ി അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പ്

 

ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’
എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്‌നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.
ചിത്രത്തിന്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക.
നന്ദി.

വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയ്ക്കെതിരെ വ്യാപകമായി ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്നുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ യൂട്യൂബിലടക്കം പ്രചരിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.

മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതു പോലെ പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.