ചിത്രത്തില്‍ മോഹന്‍ലാല്‍ മുണ്ടാണോ ധരിക്കുന്നത്; അതാണ് അവരുടെ ചോദ്യം, കാന്താരയെ കുറിച്ച് പൃഥ്വി, പിന്തുണച്ച് രാജമൗലി

സൂപ്പര്‍ ഹിറ്റായിത്തീര്‍ന്ന കന്നഡ ചിത്രം കാന്താര ഇന്ത്യന്‍ സിനിമാരംഗത്ത് തന്നെ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവച്ചതെന്ന് എസ്.എസ്. രാജമൗലിയും പൃഥ്വിരാജും. ഫിലിം കംപാനിയന്റെ അഭിമുഖത്തിനിടെയാണ് ഇരുവരും കാന്താരയെക്കുറിച്ച് ചര്‍ച്ച ചെയ്തത്.

പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വലിയ ബജറ്റിലുള്ള ചിത്രങ്ങള്‍ വേണമെന്നില്ല എന്നാണ് കാന്താരയുടെ വിജയം സൂചിപ്പിക്കുന്നതെന്ന് രാജമൗലി പറയുന്നു. താരങ്ങളുടെ സ്‌റ്റൈലോ പേരോ ഒന്നുമല്ല ഒരു പാന്‍ ഇന്ത്യന്‍ സിനിമ നിര്‍ണയിക്കുന്നതെന്നും പൃഥ്വിരാജും പറഞ്ഞു.

പൃഥ്വിരാജിന്റെ വാക്കുകള്‍

” ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രം മലയാളം ഇന്‍ഡസ്ട്രിയില്‍ അധികം പരിചിതമല്ലാത്ത ഒരു സ്‌കെയിലില്‍ ഉള്ളതാണ്. ഞങ്ങളുടെ ഡിജിറ്റല്‍, സാറ്റലൈറ്റ് പങ്കാളികളുമായുള്ള മീറ്റിങ്ങില്‍ ഞാന്‍ സൂചിപ്പിച്ചത് ഒരു പാന്‍ ഇന്ത്യന്‍ ഫിലിം ആണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നാണ്.

ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ മുണ്ടാണോ ധരിക്കുന്നത്, ആര്‍ആര്‍ആറില്‍ അജയ് ദേവഗണ്‍ അതിഥി വേഷത്തില്‍ വന്നതുപോലെ ഒരു നോര്‍ത്ത് ഇന്ത്യന്‍ താരം അതിഥി വേഷത്തില്‍ എത്തുമോ എന്നൊക്കെയായിരുന്നു അവരുടെ സംശയം.

പക്ഷേ കാന്താര വന്നപ്പോള്‍ എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ട് നോര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ഉള്‍പ്പെടെ എല്ലാവരും മുണ്ട് ധരിച്ചു കണ്ടു. ശരിക്കും താരങ്ങളുടെ സ്‌റ്റൈലോ പേരോ ബജറ്റോ അല്ല സിനിമയുടെ ഉള്ളടക്കമാണ് അത് പാന്‍ ഇന്ത്യന്‍ സിനിമ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്.”- പൃഥ്വിരാജ് പറയുന്നു.