സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നു: പൃഥ്വിരാജ്

കേരളത്തിന് ദുഃഖവെള്ളിയായിരുന്നു കഴിഞ്ഞ ദിവസം. കോവിഡ് കേസുകള്‍ ആയിരത്തിനടുത്ത് നില്‍ക്കുന്ന കാലത്ത് ഇടുക്കി രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചലിന്റെ വാര്‍ത്തകളായിരുന്നു പകല്‍. രാത്രിയോടെ മറ്റൊരു ദുരന്തവും സംഭവിച്ചു. പതിനെട്ട് ആളുകളാണ് കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചത്.

17 പേരാണ് പെട്ടിമുടി ദുരന്തത്തില്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. രണ്ട് ദുരന്തങ്ങളിലും സങ്കടം പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. നമ്മളില്‍ പലരും വീടുകളില്‍ സുരക്ഷിതരായി തുടരുമ്പോള്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം അലട്ടുന്നതായി പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”കേരളത്തെ സംബന്ധിച്ച് ഏറെ ദുഃഖകരമായ ഒരു ദിവസമായിരുന്നു ഇത്. ലോകം പഴയപടിയിലാവുന്നതും കാത്ത് വീടിന്റെ സുരക്ഷിതത്വത്തില്‍ കഴിയുകയാണ് നമ്മില്‍ പലരും. എന്നാല്‍ അത്തരത്തില്‍ സന്തോഷകരമായ നാളെയെ പ്രതീക്ഷിച്ചിരുന്ന പലരും അവസാനിച്ചു പോയതിന്റെ വ്യസനം എനിക്ക് കളയാനാവുന്നില്ല. ഇതിനെ മറികടന്ന് മുന്നോട്ടു പോകാനുള്ള കരുത്ത് നിങ്ങള്‍ക്ക് ലഭിക്കട്ടെ. രാജമലയിലും കോഴിക്കോട്ടും മരിച്ചവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും അഗാധമായ വ്യസനം ഞാന്‍ രേഖപ്പെടുത്തുന്നു. പ്രാര്‍ത്ഥനകള്‍”” എന്നാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പെട്ടിമുടിയില്‍ തിരച്ചില്‍തുടരുന്നത്. ഇനിയും 48 ഓളം ആളുകളെ മണ്ണിനിടയില്‍ നിന്നും രക്ഷിക്കാനുണ്ട്. അതേസമയം ജില്ലയില്‍ ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചത് ആശങ്കയും ഉണ്ടാക്കുന്നുണ്ട്.