ബ്ലെസ്സി ചേട്ടന്റെ സിനിമയിൽ ഒരു ആക്ടർ മോശമാവാൻ വലിയ പാടാണ്: പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ആടുജീവിതമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. കൂടാതെ ആടുജീവിതം മലയാളത്തിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ആടുജീവിതം സിനിമയെ കുറിച്ചും സംവിധായകൻ ബ്ലെസ്സിയെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജ്. ബ്ലെസ്സി എന്ന സംവിധായകന്റെ സിനിമയിൽ ഒരു നടൻ മോശമാവാൻ വലിയ പാടാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

“സംവിധായകൻ- നടൻ എന്ന് പറയുന്ന ഇക്വേഷനൊക്കെ പണ്ടേപ്പോഴോ പോയി. ഈ യാത്ര തുടങ്ങി രണ്ട് മൂന്ന് വർഷം കഴിയുമ്പോൾ തന്നെ ബ്ലെസി ചേട്ടൻ ഒരു ഡയറക്‌ടർ ഞാൻ ഒരു ആക്‌ടർ എന്ന പരിപാടിയൊക്കെ മാറിയിട്ടുണ്ട്.

ആടുജീവിതത്തിനിടെയുള്ള എൻ്റെ മേക്കിങ് വീഡിയോ എടുത്തിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷേ ഷൂട്ട് നടക്കുമ്പോഴുള്ള ബ്ലെസി ചേട്ടനേയും എന്നേയും കണ്ടാൽ നിങ്ങൾക്ക് ചില കാര്യങ്ങൾ മനസിലാകും. എനിക്ക് ഏറ്റവും സ്വാതന്ത്ര്യവുമുള്ള ഡയറക്‌ടറാണ് ബ്ലെസി ചേട്ടൻ. അത്ര തന്നെ സ്വാതന്ത്ര്യം എൻ്റെ അടുത്തുമുണ്ട്.

ഞാൻ അദ്ദേഹവുമായി ഒരുപാട് വഴക്കുണ്ടാക്കിയിട്ടുണ്ട്. ഉടക്കിയിട്ടുണ്ട്. പക്ഷേ എനിക്ക് അളവില്ലാത്ത ആരാധനയാണ് അയാളോട്. ഇങ്ങനെയൊരു മനുഷ്യൻ എന്ന് പറയുന്നത് ശരിക്കും അൺ ബിലീവബിൾ ആണ്. ഞാൻ കളിയാക്കി പറയും, കുടുംബത്തിൽ നല്ല കാശുണ്ട് അതുകൊണ്ടിപ്പോ ഇത്ര വർഷത്തിനിടെ ഒരു സിനിമ എന്ന നിലയിൽ എടുത്താലും പേടിക്കാനില്ല എന്ന്.

ശരിയാണ് കുടുംബത്തിൽ നല്ല കാശുണ്ട്. പക്ഷേ അതവിടെ നിൽക്കട്ടെ, ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ ത്വര എന്നത് സിനിമകൾ ചെയ്യുക എന്നുള്ളത് തന്നെയാണ്. അതിന് എല്ലാ സാഹചര്യങ്ങളുമുണ്ടായിട്ടും എത്രയോ നിർമാതാക്കളും നടീനടന്മാരും ഈ യാത്രക്കിടയിൽ തന്നെ അദ്ദേഹത്തെ സമീപിച്ചിട്ടും

ഒരു വർഷം ഗ്യാപ്പിനിടെ ഒരു സിനിമ ചെയ്‌താലോ എന്ന് ചോദിച്ചുവരുമ്പോഴും ഇല്ല ഞാൻ ഈ വഴിയിലാണ്. അപ്പുറമെത്തിയിട്ടേ ഇനി മറ്റെന്തിനെ കുറിച്ചും ആലോചിക്കൂ എന്ന് പറയാനുള്ള ധൈര്യത്തോട് എനിക്ക് ആരാധനയാണ്.

പിന്നെ അദ്ദേഹം എനിക്ക് തന്നെ സ്പേസ്, അത് അഭിനയിക്കുന്നതിൽ മാത്രമല്ല, സ്ക്രിപ്റ്റിൽ, മേക്കിങ്ങിൽ എല്ലാം ബ്ലെസി ചേട്ടൻ എന്നോട് അഭിപ്രായം ചോദിക്കുകയും എൻ്റെ ആശങ്കകളെ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്.

ബ്ലെസി ചേട്ടാ ഈ ഷോട്ട് എനിക്കൊരു ക്ലോസ് എടുത്തു തരുമോ എന്ന് ഞാൻ ചോദിക്കും. എന്തിനാ രാജൂ എന്നൊരു ചോദ്യം തിരിച്ചു ചോദിക്കും. ആ രംഗം ഈ റേഞ്ചിൽ എനിക്ക് കൺവേ ചെയ്യാൻ പറ്റുന്നില്ല എന്ന് ബ്ലെസി ചേട്ടനോട് പറയാം. അദ്ദേഹം ആ ക്ലോസ് എടുത്തു തരും. അത്രയും കംഫർട്ടുള്ള മേക്കറാണ്. പിന്നെ ബ്ലെസി ചേട്ടൻ്റെ സിനിമയിൽ ഒരു ആക്‌ടർ മോശമാകാൻ വലിയ പാടാണ്.” എന്നാണ് ആടുജീവിതം പ്രൊമോഷൻ പരിപാടിക്കിടെ ബ്ലെസിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.