എവിടെയാണെങ്കിലും നീ സന്തോഷിക്കുന്നുണ്ടാകും, ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെ; സച്ചിയെ ഓര്‍മ്മിച്ച് പൃഥ്വിരാജ്

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധാനത്തിന് മലയാളികളുടെ പ്രിയപ്പെട്ട സച്ചി അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തിന് പിന്നാലെ സച്ചിയെ ഓര്‍മ്മിച്ച് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സച്ചി, എനിക്ക് എന്ത് പറയണമെന്ന് പറയില്ല. നീ എവിടെയാണെങ്കിലും നീയിന്ന് സന്തോഷിക്കുന്നുണ്ടാകുമെന്ന് കരുതുന്നു.’

‘കാരണം ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു. എന്നെന്നും അങ്ങനെ തന്നെയായിരിക്കും’ എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി മലയാള സിനിമയിലെത്തിയത്. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനുമായി. ചോക്ളേറ്റ്, റോബിന്‍ ഹുഡ്, മേക്ക് അപ്പ് മാന്‍, സീനിയേഴ്സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ് തുടങ്ങിയ നിലവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ശേഷമായിരുന്നു സച്ചി സംവിധാനത്തിലേക്ക് എത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സച്ചി അയ്യപ്പനും കോശിയിലേക്കും എത്തുന്നത്.