‘ആടുജീവിതം’ തിയേറ്ററില്‍ ഹിറ്റ് അടിച്ച് പ്രദര്‍ശനം തുടരുമ്പോള്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് ആയി കാത്തിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. അക്ഷയ് കുാമറും ടൈഗര്‍ ഷ്രോഫും നായകന്മാരായി എത്തുന്ന ചിത്രത്തില്‍ പ്രളയ് എന്ന ക്രൂരനായ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന ചിത്രത്തില്‍ എത്തുന്നത്.
രണ്ട് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കവെ ആയിരുന്നു പൃഥ്വിരാജിന് ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നത്. ഈ ചിത്രം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചത് ‘സലാര്‍’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. ഈ സിനിമ നഷ്ടപ്പെടുത്തിയാല്‍ താന്‍ ഭാവിയില്‍ നിരാശപ്പെടുമെന്ന് പ്രശാന്ത് നീല്‍ പറഞ്ഞതോടെയാണ് സംവിധായകന്‍ അലി അബ്ബാസ് സഫറിനോട് യെസ് പറഞ്ഞത് എന്നാണ് പൃഥ്വി പറയുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗിനെ കുറിച്ചും നടന്‍ സംസാരിക്കുന്നുണ്ട്. അലി എല്ലാം ‘റിയല്‍’ ആയി ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന സംവിധായകനാണ്. ചിത്രത്തിന്റെ കഥ ആദ്യം കേട്ടപ്പോള്‍ ഞാന്‍ കരുതിയത്, 40-50 ദിവസം ഏതെങ്കിലും സ്റ്റുഡിയോയില്‍ ഗ്രീന്‍സ്‌ക്രീനിലായിരിക്കും ചിത്രീകരണം എന്നായിരുന്നു.
പക്ഷെ ഈ ചിത്രത്തില്‍ ഒറ്റ സീനില്‍ പോലും ഗ്രീന്‍ സ്‌ക്രീന്‍ കണ്ടില്ല. സ്‌കോട്ട്ലന്‍ഡിലെ ഗ്ലെന്‍ നെവിസിലാണ് തന്റെ ഇന്‍ട്രൊഡക്ഷന്‍ സീക്വന്‍സ് ചിത്രീകരിച്ചത്. ആ സമയത്ത് ഞാന്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിനായി മണാലിയില്‍ എവിടെയോ ആയിരുന്നു.
ഞാന്‍ ഇതിനായി മണാലിയില്‍ നിന്ന് കുളുവിലേക്ക് പോയി, അവിടെ നിന്ന് ചണ്ഡീഗഡിലേക്ക് വിമാനം കയറി. പിന്നീട് ഡല്‍ഹി, ബോംബെ, ദുബായ്, ഒടുവില്‍ ദുബായില്‍ നിന്ന് എഡിന്‍ബര്‍ഗിലേക്ക്. എന്നിട്ട് അവിടുന്ന് ഗ്ലെന്‍ നെവിസിലേക്ക് മുഖംമൂടി ധരിച്ച് നാല് മണിക്കൂര്‍ മാത്രമുള്ള ഷൂട്ടിന് വേണ്ടി പോയി.
പിന്നീട് ഞാന്‍ മണാലിയില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്കായി, ഈ മുഴുവന്‍ റൂട്ടും തിരിച്ചുവന്നു. യഥാര്‍ത്ഥ ലൊക്കേഷനില്‍, യഥാര്‍ത്ഥ നടനും, യഥാര്‍ത്ഥ ഹെലികോപ്റ്ററുമായി ഷൂട്ട് ചെയ്യണമെന്ന് അലിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 100 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്നാണ് പൃഥ്വിരാജ് പറയുന്നത്.