പിരിയുമ്പോള്‍ മാത്രം തീരാനഷ്ടം, നികത്താനാകാത്ത നഷ്ടം "എന്നൊക്കെയുള്ള പതിവ് പരിദേവനങ്ങള്‍ കേട്ട് ആ മഹാപ്രതിഭയുടെ ആത്മാവ് പുഞ്ചിരിക്കുന്നുണ്ടാവും"

റിസബാവയുടെ മരണത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് നടന്‍ പ്രേംകുമാര്‍. അസാമാന്യ പ്രതിഭാശാലിയായ റിസബാവ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. വണ്‍ സിനിമയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ട് സംസാരിച്ചതെന്ന് പ്രേംകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രേംകുമാര്‍ കുറിപ്പ് പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നാടകത്തെ പ്രണയിച്ച് സിനിമയില്‍ നിറഞ്ഞാടിയ നടന്‍. നാടകത്തിന്റെ അഭിനയ കരുത്തുമായി മലയാള സിനിമയിലേക്ക് കടന്നുവരികയും നായക വേഷം ഉള്‍പ്പടെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അതുല്യമായ അഭിനയ പാടവംകൊണ്ടു അവിസ്മരണീയമാക്കുകയും ചെയ്ത അതുല്യ നടന്‍ ശ്രീ റിസബാവ ചമയങ്ങള്‍ അഴിച്ചുവെച്ച് ചമയങ്ങളില്ലാത്ത ലോകത്തേക്ക് മടങ്ങിയെന്നത് ഇനിയും വിശ്വസിക്കാനാകുന്നില്ല.

ജോണ്‍ ഹോനായിലൂടെ വില്ലന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ സൗന്ദര്യം പകര്‍ന്നു നല്‍കി മലയാളി മനസ്സുകളില്‍ സുന്ദര വില്ലനായി എക്കാലത്തേക്കും തന്റെതായ ഇടംനേടിയെടുത്ത പ്രതിഭാധനനായ ആ കലാകാരനെ ഞാന്‍ ആദ്യം പരിചയപ്പെടുന്നത് ‘സുന്ദരി കാക്ക’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ്. അതിനും കുറെ മുന്‍പ് തന്നെ ‘സ്വാതിതിരുനാള്‍’ എന്ന നാടകത്തില്‍ സ്വാതിതിരുന്നാളായി ശബ്ദംകൊണ്ടും ശരീരഭാഷകൊണ്ടും ആകാരഭംഗികൊണ്ടും അസാമാന്യ അഭിനയത്തിലൂടെ അരങ്ങിലെ വിസ്മയമായി മാറുന്നത് അത്ഭുതത്തോടെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ‘മലപ്പുറം ഹാജി മഹാനായ ജോജി’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഞങ്ങളുടെ സൗഹൃദം കൂടുതല്‍ ദൃഢമായതു. നാടകവുമായുള്ള ബന്ധമായിരിക്കണം ഞങ്ങള്‍ രണ്ടുപേരെയും വളരെ പെട്ടന്ന് വലിയ സൗഹൃദത്തിലേക്ക് നയിച്ചത്.

പിന്നീട് ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആ സൗഹൃദത്തിന്റെ ആഴം പിന്നെയും വര്‍ധിച്ചു.നിരന്തരം കാണുകയോ, ഫോണില്‍ സംസാരിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല പക്ഷെ ആഴമാര്‍ന്ന ആ സൗഹൃദം ഞങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. അദ്ദേഹത്തിന്റെ മകളുടെ വിവാഹ സല്‍ക്കാരം എറണാകുളത്തു നടന്നപ്പോള്‍ അവിടെയും ഞാന്‍ ഉണ്ടായിരുന്നു. അവസാനം കണ്ടത് ‘വണ്‍’ സിനിമയില്‍ ഒന്നിച്ചഭിനയിക്കുമ്പോളാണ്. അന്ന് ഞങ്ങള്‍ ഒരുപാടുനേരം സംസാരിച്ചിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ എന്റെ അധ്യാപകനായിരുന്ന, ഈയിടെ നമ്മെ വിട്ടു പിരിഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും, സംവിധായകനും, നടനുമൊക്കെയായ പി. ബാലചന്ദ്രന്‍ എന്ന ബാലേട്ടനും, ജഗദീഷേട്ടനുമൊക്കെ ഉണ്ടായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്നെങ്കിലും അന്ന് ഞങ്ങള്‍ അധികവും സംസാരിച്ചത് നാടകത്തെകുറിച്ചായിരുന്നു. വളരെ ഊര്‍ജസ്വലനായി ആവേശത്തോടെ റിസബാവ എന്ന നടന്‍ നാടകത്തെക്കുറിച്ചു വൈകാരികമായി സംസാരിച്ചത് ഇപ്പോഴും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

താരജാഡകളൊന്നുമില്ലാത്ത, സ്‌നേഹവും സൗഹൃദവുമുള്ള, എപ്പോഴും പുഞ്ചിരിയോടെ മാത്രം കണ്ടിട്ടുള്ള പച്ചയായ മനുഷ്യന്‍. വലിയ കലാകാരന്‍. നാടകത്തെ മനസ്സില്‍ നിറച്ചുകൊണ്ടു. നാടകത്തെ തീവ്രമായി പ്രണയിച്ചുകൊണ്ടു സിനിമയില്‍ നിറഞ്ഞാടിയ അസാമാന്യ പ്രതിഭാശാലിയായ നടന്‍ അരങ്ങൊഴിഞ്ഞുവെന്ന് ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരുപാടുകാലം ഇവിടെ ഉണ്ടായിരുന്നിട്ടും, മിന്നുന്ന പ്രതിഭയുടെ സുവര്‍ണ്ണ തിളക്കം അഭിനയത്തിലൂടെ അടയാളപ്പെടുത്തിയിട്ടും, വേണ്ടവിധം പരിഗണിക്കുകയോ, ഉപയോഗിക്കുകയോ, അംഗീകരിക്കുകയോ ചെയ്യാതെ യാത്രാമൊഴിചൊല്ലി പിരിയുമ്പോള്‍ മാത്രം തീരാനഷ്ടം, നികത്താനാകാത്ത നഷ്ടം എന്നൊക്കെയുള്ള പതിവ് പരിദേവനങ്ങള്‍ കേട്ട് ആ മഹാപ്രതിഭയുടെ ആത്മാവ് പുഞ്ചിരിക്കുന്നുണ്ടാവും. തികച്ചും അപ്രതീക്ഷിതമായ ഈ വിയോഗം സൃഷ്ടിച്ച മുറിവിന്റെ നോവ് എന്റെ ഹൃദയത്തിലെന്നുമുണ്ടാകുമെന്നുമായിരുന്നു പ്രേംകുമാര്‍ കുറിച്ചത്.