എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല: പ്രകാശ് രാജ്

ശക്തമായ കഥാപാത്രങ്ങൾക്കപ്പുറത്ത് എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളും രാഷ്ട്രീയവും ഉള്ള താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ സിനിമയിലേക്ക് വരുന്ന യുവാക്കൾക്ക് ചില നിർദ്ദേശങ്ങളും മറ്റും നൽകുകയാണ് പ്രകാശ് രാജ്.

ഒരാളുടെ മേഖല സിനിമയാണെന്ന് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തി തന്നെയാണെന്നും, എല്ലാവർക്കും മെന്റേഴ്സിനെ കണ്ടെത്താൻ കഴിയില്ലെന്നുമാണ് പ്രകാശ് രാജ് പറയുന്നത്. കൂടാതെ ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നതെന്നും, നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുമെന്നും പ്രകാശ് രാജ് പറയുന്നു.

“നിങ്ങൾ സിനിമയിൽ എത്താൻ യോഗ്യനാണ് എന്ന് നിങ്ങളോട് ആര് പറയും? നിങ്ങൾ വേണ്ടത്ര യോഗ്യനാണെന്ന് ആരെങ്കിലും മനസിലാക്കി തരുമോ? നിങ്ങളെ തയ്യാറാക്കിയെടുക്കുമോ? അതിനായി വാർത്തെടുക്കുമോ?. നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്, നിങ്ങൾ സിനിമയിൽ എവിടെ എത്തണമെന്ന് അല്ലെങ്കിൽ എങ്ങനെ മറ്റുള്ളവരെപ്പോലെ ജനപ്രിയനാകണമെന്ന്. നിങ്ങളുടെ അജണ്ട എന്താവണമെന്ന്?

എന്നെപ്പോലുള്ള, കോടിക്കണക്കിനാളുകളിൽ ചിലർക്ക് മാത്രമേ കൃത്യമായ മെന്റേഴ്സിനെ കണ്ടേത്താനാകു. ഞാൻ കെ ബാലചന്ദറിനെ കണ്ടെത്തി. അത് ഞാൻ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിൽ എല്ലാ ക്രെഡിറ്റും എനിക്കു തന്നെയാണ്, കാരണം ഞാൻ എനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗിച്ചു. എനിക്ക് ലഭിച്ചിരുന്ന ഓരോ അവസരങ്ങളും ഓരോ വേദികളും എനിക്ക് അടുത്ത 10 സിനിമ നൽകുമോ എന്ന് ഞാൻ ചിന്തിക്കും.

എന്നെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഇവിടെ ഫെയർ പ്ലേ ഇല്ലാത്തത്, ഞങ്ങൾ ഒരു കുത്തക സൃഷ്ടിച്ചിട്ടുണ്ട്. അത് പുതിയ ആളുകൾക്ക് അവസരം കൊടുക്കില്ല. കാരണം അത് ഞങ്ങളുടെ നിലനിൽപ്പിന്റെ ഭാഗമാണ്. കൂടാതെ, സംവിധായകരും എഴുത്തുകാരും പറയും, ‘നമുക്ക് ഒരു റെഡിമെയ്ഡ് ആക്ടർ ഉള്ളപ്പോൾ, എന്തിന് മറ്റൊരാളെ കണ്ടെത്തണം, ഞങ്ങൾ അദ്ദേഹത്തിന് കൂടുതൽ പണം നൽകും, കുറച്ച് സിനിമകൾ നൽകും.

ആളുകൾ ഇപ്പോൾ ജനപ്രിയ അഭിനേതാക്കളെ മാത്രമല്ല സ്വീകരിക്കുന്നത്. നല്ല കഥ പറയുന്ന ഏതൊരാളും ഇന്ന് ജനപ്രിയനാകുകയാണ്. പക്ഷേ, വൻകിട കമ്പനികൾ അതിലേക്ക് ചുവടുവെക്കുന്നതോടെ അതും ഒടുവിൽ കുത്തകയാകുകയാണ്. ഓരോ തവണയും സുതാര്യമായ സംവിധാനം വരുമ്പോൾ, മനുഷ്യർ അതിനെ കുത്തകയാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. വലിയ പണമിടപാടു നടക്കുന്നതിനാൽ, ഒന്നും അറിയാത്ത ആളുകൾ പോലും ഏത് തിരക്കഥ വേണമെന്നും, ഏത് അഭിനേതാക്കൾ വേണമെന്നും തീരുമാനിക്കുന്നു.” ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.