ബാലകൃഷ്ണ ദേഷ്യക്കാരനാണ്, അയാളുടെ സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമില്ല എന്നൊക്കെയായിരുന്നു കേട്ടിരുന്നത്, എന്നാല്‍..: പ്രഗ്യാ ജയ്‌സ്വാള്‍

തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ വിചിത്രമായ പ്രവര്‍ത്തികളും പ്രസ്താവനകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. നടനെ കുറിച്ച് നടി പ്രഗ്യാ ജയ്‌സ്വാള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അഖണ്ഡ എന്ന ചിത്രത്തിലാണ് ബാലകൃഷ്ണക്കൊപ്പം പ്രഗ്യ അഭിനയിച്ചത്.

ബാലകൃഷ്ണയ്ക്കൊപ്പം അഭിനയിക്കുന്നു എന്നത് ആദ്യം തന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു. അദ്ദേഹം വലിയ ദേഷ്യക്കാരനാണ് എന്നാണ് താന്‍ കേട്ടത്. എന്നാല്‍ കേട്ടതിലും നേരെ വിപരീതമാണ് അദ്ദേഹം എന്ന് തനിക്ക് ഷൂട്ടിംഗ് തുടങ്ങി ചില ദിവസങ്ങള്‍ കഴിയുമ്പോഴേക്കും മനസ്സിലായി.

സെറ്റില്‍ എല്ലാവരെയും പോസിറ്റീവായി നിര്‍ത്തുന്ന, ഊര്‍ജ്ജ്വസ്വലനായ വ്യക്തിയാണ് അദ്ദേഹം. ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ നായികമാര്‍ക്ക് പ്രധാന്യം ഉണ്ടാവില്ല എന്ന പറച്ചിലുകളാണ് പിന്നെ കേട്ടത്. എന്നാല്‍ തനിക്ക് ബോയ്പതി ശ്രീനുവില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം സ്ത്രീകളെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. കൃത്യമായ സ്ഥാനവും കഥയില്‍ നായികമാര്‍ക്ക് ഉണ്ടാവും. പിന്നെ ചില രംഗങ്ങളില്‍ അവിടെയും ഇവിടെയും നിന്ന്, രണ്ട് പാട്ട് രംഗങ്ങളും അഭിനയിച്ച് പോവുന്ന നടിയായി താന്‍ അഭിനയിക്കില്ല എന്ന് തനിക്ക് നിര്‍ബന്ധമുണ്ട്.

വളരെ ശക്തമായ കഥാപാത്രമാണ് അഖണ്ഡയില്‍ തനിക്ക്. ചില സിനിമകളില്‍ നിങ്ങള്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ആ സിനിമ വിജയിക്കും എന്ന നിലയിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ സിനമയില്‍ അങ്ങനെയല്ല. കഥയെ മുന്നോട്ട് കൊണ്ടു പോകുന്ന കഥാപാത്രമാണ് തന്റേത്.

കൂടാതെ ഇനിയും തെലുങ്ക് ചിത്രങ്ങളില്‍ എത്തുമെന്നും നടി പറയുന്നു. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത അഖണ്ഡ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഇതോടെ താരം പ്രതിഫലം ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 20 കോടി രൂപയാണ് പുതിയ ചിത്രത്തിനായി ബാലകൃഷ്ണ വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.