മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണം എന്നുണ്ട്: പാര്‍വതി

പ്രശസ്ത എഴുത്തുകാരി കമല സുരയ്യയുടെ കഥാപാത്രം സത്യസന്ധമായി അവതരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. മാധവികുട്ടിയോട് കാണിക്കേണ്ട ആദരവ് അവരുടെ ജീവിതത്തെ വിവാദകരമാക്കാതിരിക്കുക എന്നതാണ്. അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്നും പാര്‍വതി ഗൃഹലക്ഷ്മിയോട് പറഞ്ഞു.

മാധവിക്കുട്ടിയുടെ ക്യാരക്ടര്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കണമെന്നുണ്ട്. സത്യസന്ധമെന്നത് അടിവരയിട്ടു പറയുന്നു. ഒരിക്കല്‍ പോലും താന്‍ നേരിട്ടു കണ്ടിട്ടില്ല. വായിച്ചുള്ള അറിവാണ്. അവരോട് കാണിക്കേണ്ട ഏറ്റവും വലിയ ആദരവ് അവരുടെ ജീവിതത്തെ വിവാദകരം ആക്കാതിരിക്കുകയാണ് എന്ന് വിശ്വസിക്കുന്നു എന്നാണ് പാര്‍വതിയുടെ വാക്കുകള്‍.

അവരാരാണെന്നത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാനുള്ള ശക്തിയോ ഔചിത്യമോ നമുക്കില്ലാതെ പോയി എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ വ്യക്തിത്വത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ സന്തോഷം തോന്നും. അവരുടെ ശരിയായ വ്യക്തിത്വം അവതരിപ്പിക്കുക എന്നതൊരു സ്വപ്നം തന്നെയാണ് എന്നും പാര്‍വതി പറയുന്നു.

Read more

അതേസമയം, കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി ആമി എന്ന സിനിമ എത്തിയിരുന്നു. കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് നായികയായി എത്തിയത്. നീണ്ട 20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവും കമലും ഒന്നിച്ച സിനിമ കൂടിയായിരുന്നു ആമി.