'ഈ പടത്തില്‍ സര്‍ ഉണ്ടാകേണ്ടത് നിര്‍ബന്ധമാണെന്ന് തരുണ്‍ ആദ്യം തന്നെ പറഞ്ഞു'; ഓപ്പറേഷന്‍ ജാവയെ കുറിച്ച് പി. ബാലചന്ദ്രന്‍

നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് “ഓപ്പറേഷന്‍ ജാവ”. റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതിനെ കുറിച്ച് വ്യക്തമാക്കുകയാണ് തിരക്കഥാകൃത്തും നടനുമായ പി. ബാലചന്ദ്രന്‍. കുട്ടിക്കാലം മുതലേ തരുണ്‍ മൂര്‍ത്തിയെ അറിയാം, തന്റെ മകനെപ്പോലെ തന്നെയാണെന്നും താരം പറയുന്നു.

കുറേക്കാലങ്ങളായി സിനിമാസ്വപ്നം കൊണ്ടുനടക്കുന്ന തരുണ്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വന്ന് തന്നെ കാണാറുണ്ടായിരുന്നു. ഓപ്പറേഷന്‍ ജാവ പുതിയ തലമുറ ചെയ്യേണ്ട ഒരു ചിത്രം തന്നെയാണ്. ഈ കാലഘട്ടത്തില്‍ ഇത്തരമൊരു സബ്ജക്ട് അനിവാര്യമാണ്. ഈ പടത്തില്‍ ബാലചന്ദ്രന്‍ സര്‍ ഉണ്ടാകേണ്ടത് നിര്‍ബന്ധമാണെന്നാണ് തരുണ്‍ തന്നോട് ആദ്യം പറഞ്ഞത്.

തരുണിന് തന്നോടുള്ള ആത്മബന്ധമാണ് ചിത്രത്തില്‍ ഉറപ്പായും വേണമെന്ന് പറയാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് സിനിമയിലേക്ക് വന്നതെങ്കിലും ആ കഥാപാത്രം വല്ലാതെ സ്പര്‍ശിച്ചു. താന്‍ ഇല്ലെങ്കില്‍ അങ്ങനെയൊരു കഥാപാത്രത്തിന് ജീവനില്ല എന്ന അവസ്ഥയാണ് വന്നുഭവിച്ചത്. സ്വതന്ത്രമായി അഭിനയിക്കാനുള്ള ഒരു സ്‌പേസ് സംവിധായകന്‍ തന്നിട്ടുണ്ടെന്നും പി. ബാലചന്ദ്രന്‍ പറഞ്ഞു.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.