'നല്ല സമയ'വുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കി തന്ന ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നു: ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ഒഴിവാക്കിയ ഹൈക്കോടതിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്ന് സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നു.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്‌സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, എന്‍ഡിപിഎസ് നിയമപ്രകാരം എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്.

സിനിമയ്‌ക്കെതിരെ കേസ് വന്ന വിവരം ഒരു കുറിപ്പോടെയാണ് ഒമര്‍ ലുലു പങ്കുവച്ചത്. ”നല്ല സമയം യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും, ജാമ്യം എടുത്തിട്ട് വരാം മക്കളെ” എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം, തന്റെ സിനിമയ്‌ക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സംവിധായകന്‍ പ്രതികരിച്ചിരുന്നു. ലൂസിഫര്‍ തുടങ്ങിയ സിനിമകളില്‍ ഒക്കെ ലഹരി ഉപയോഗം കാണിക്കുമ്പോള്‍ തന്റെ സിനിമയ്‌ക്കെതിരെ മാത്രമാണ് കേസ് വരുന്നത് എന്നാണ് ഒമര്‍ പറഞ്ഞത്.

ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഇര്‍ഷാദ്, നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ്യ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.