കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയേറ്റര്‍ കൊടുക്കുക, ഇല്ലെങ്കില്‍ മലയാള സിനിമയോട് ചെയ്യുന്ന അനീതിയാവും: ഒമര്‍ ലുലു

കേരളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്‌ക്രീന്‍ കൗണ്ട് ആണ് ‘ലിയോ’യ്ക്ക് ലഭിച്ചിരിക്കുന്നത്. 655 സ്‌ക്രീനുകളിലാണ് ലിയോ കേരളത്തില്‍ റിലീസ് ചെയ്തിരിക്കുന്നത്. ‘മരക്കാര്‍’ സിനിമയെ പിന്തള്ളിയാണ് ലിയോ കേരളത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്.

ലിയോ ഇത്രയധികം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 100 കോടിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന മലയാള ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’നെയാണ് ബാധിച്ചിരിക്കുന്നത്. ഇത് ചര്‍ച്ചയായതോടെ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. കണ്ണൂര്‍ സ്‌ക്വാഡിന് തിയേറ്റര്‍ വിട്ടു കൊടുക്കണമെന്നാണ് ഒമര്‍ പറയുന്നത്.

ലിയോ കണ്ടതിന് ശേഷം തന്റെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ഒമര്‍ പോസ്റ്റ് പങ്കുവച്ചത്. ”ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്‌ക്വാഡിന് വീണ്ടും തിയേറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും” എന്നാണ് ഒമര്‍ ലുലു കുറിച്ചിരിക്കുന്നത്.

അതേസമയം, 75 കോടി കളക്ഷന്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് ഇതുവരെ നേടിയിരിക്കുന്നത്. ലിയോ അഡ്വാന്‍സ് ബുക്കിംഗില്‍ മാത്രം 200 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച വരെ ഹൗസ്ഫുള്‍ ബുക്കിംഗ് ആണ് ഓരോ തിയേറ്ററിലും.