നജീബുമായുള്ള എന്റെ അഭിമുഖം ഉടൻ പുറത്തുവരും..: പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ആടുജീവിതമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. ആടുജീവിതം മലയാളത്തിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. യഥാർത്ഥ നജീബുമായുള്ള തന്റെ അഭിമുഖം ഉടൻ പുറത്തുവരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. നജീബ് എന്ന യഥാർത്ഥ വ്യക്‌തിയെ നോവലിലേക്ക് സ്വാംശീകരിക്കുമ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകും. അതു തിരക്കഥയാകുമ്പോൾ വീണ്ടും മാറ്റങ്ങളും തിരക്കഥാകൃത്തിന്റേതായ ക്രിയാത്മക സംഭാവനകളും കടന്നുവന്നിട്ടുണ്ടാകുമെന്നാണ് പൃഥ്വിരാജ് പറയുന്നത്.

“എന്റെ മാത്രമല്ല, ബ്ലെസി ചേട്ടൻ്റെയും തീരുമാനം അതായിരുന്നു. അത്തരമൊരു കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ ആരും ആദ്യമെടുക്കുന്ന തീരുമാനം തമ്മിൽക്കണ്ടു കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതാണ്.

എന്നാൽ, നജീബ് എന്ന യഥാർത്ഥ വ്യക്‌തിയെ നോവലിലേക്ക് സ്വാംശീകരിക്കുമ്പോൾ ചില മാറ്റങ്ങൾ വന്നിട്ടുണ്ടാകും. അതു തിരക്കഥയാകുമ്പോൾ വീണ്ടും മാറ്റങ്ങളും തിരക്കഥാകൃത്തിന്റേതായ ക്രിയാത്മക സംഭാവനകളും കടന്നുവന്നിട്ടുണ്ടാകും.

നജീബിനെ ആഴത്തിലറിഞ്ഞ ശേഷമാണു തിരക്കഥ ഒരുക്കിയത്. ഒരു നടൻ എന്ന നിലയിൽ എൻ്റെ ചുമതല സംവിധായകനും തിരക്കഥാകൃത്തുമായ ബ്ലെസി സൃഷ്‌ടിച്ച കഥാപാത്രമായ നജീബിനെ സ്ക്രീനിലെത്തിക്കുക എന്നതാണ്. ഇതിനാൽ പൂർണമായും ബ്ലെസിയുടെ നജീബായിരിക്കാനാണു ഞാൻ ശ്രമിച്ചത്.

സിനിമയുടെ അവസാന ഷോട്ട് അഭിനയിച്ചു പൂർത്തിയാക്കിയ ശേഷം ഞാൻ ആദ്യം കണ്ടതു നജീബിനെയാണ്. ഞാനും നജീബുമായുള്ള ആ അഭിമുഖം ഷൂട്ട് ചെയ്തു വച്ചിട്ടുണ്ട്. ഉടൻ പുറത്തുവരും. എന്നാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.