രണ്ടുപേരുടെ പ്രശ്‌നം 'പടവെട്ടി'നെ ബാധിക്കരുത്; സംവിധായകന് എതിരെയുള്ള പീഡനക്കേസ്, നിലപാട് വ്യക്തമാക്കി നിവിന്‍

സംവിധായകന്റെ പ്രശ്‌നം ‘പടവെട്ട്’ എന്ന സിനിമയെ ബാധിക്കരുതെന്ന് നടന്‍ നിവിന്‍ പോളി. പടവെട്ട് സിനിമയുടെ സംവിധായകനായ ലിജു കൃഷ്ണയ്‌ക്കെതിരെ സഹപ്രവര്‍ത്തകയായ യുവതി ലൈംഗിക പീഡന പരാതി നല്‍കിയിരുന്നു. പരാതി സംബന്ധിച്ച് വ്യക്തിപരമായി അഭിപ്രായം പറയാനില്ല എന്നാണ് നിവിന്‍ പറയുന്നത്.

ഒരു സിനിമ എന്നത് ഒരുപാട് ആളുകളുടെ സംയോജിത സൃഷ്ടിയാണ്, അതിനാല്‍ രണ്ടു പേരുടെ പ്രശ്‌നം ഒരു പ്രോജക്ടിനെ ബാധിക്കരുത്. ഇപ്പോള്‍ നടക്കുന്ന പ്രശ്‌നം രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തെയും സമ്മതത്തെയും സംബന്ധിച്ചുള്ളതാണ്, അതിനാല്‍ ഇതില്‍ വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല എന്നാണ് നിവിന്‍ കൊച്ചി ടൈംസിനോട് പ്രതികരിക്കുന്നത്.

ഒക്ടോബര്‍ 21ന് ആണ് പടവെട്ട് തിയേറ്ററുകളില്‍ എത്തുന്നത്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അത് കോടതി തള്ളിയിരുന്നു. ലിജു കൃഷ്ണയ്ക്കെതിരെ ക്രിമിനല്‍ കേസുണ്ടെന്നും വിചാരണ പൂര്‍ത്തിയാകും വരെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നുമായിരുന്നു ആവശ്യം.

എന്നാല്‍, പരാതിക്കാരിയുടെ ആരോപണങ്ങള്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും ഇടപെടാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി.ജി അരുണ്‍ ഹര്‍ജി തള്ളിയത്.