'മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്ന് നാളെ ഇവര്‍ എഴുതുമോ?'

‘മണിയന്‍പിള്ള രാജുവിന്റെ മകന്‍ പൊലീസ് കസ്റ്റഡയില്‍’ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നിരഞ്ജ് മണിയന്‍പിള്ള രാജു. 2018ല്‍ ഓവര്‍ സ്പീഡിന് പൊലീസില്‍ നിന്നും പെറ്റി അടിച്ചതിനെ കുറിച്ച് നിരഞ്ജ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇതോടെയാണ് നിരഞ്ജ് പൊലീസ് കസ്റ്റഡിയിലായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. താന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു എഴുതുമോ? എന്ന് നിരഞ്ജ് ചോദിക്കുന്നു.

”ഞാന്‍ പൊലീസ് കസ്റ്റഡയില്‍ എന്നു പറഞ്ഞു കുറേ പേജുകളില്‍ വാര്‍ത്ത വരുന്നുണ്ട്. 2018ല്‍ ഒരു പെറ്റി അടിച്ചതിനെപ്പറ്റി ഒരഭിമുഖത്തില്‍ പറഞ്ഞതിനാണ് ഇങ്ങനെ. ഇനി ഭാവിയില്‍ ഞാന്‍ കുട്ടിക്കാലത്ത് മരത്തിലേക്ക് കല്ലെറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍, മണിയന്‍പിള്ള രാജുവിന്റെ മകന്‍ ബഹിരാകാശത്തേക്ക് റോക്കറ്റ് വിട്ടെന്നു ഇവരൊക്കെ എഴുതുമോ?” എന്നാണ് നിരഞ്ജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”അച്ഛൻറെ പേര് ഒരിക്കല്‍ ഉപയോഗിച്ച് ആപ്പിലായിട്ടുണ്ട്. ഒരിക്കല്‍ വണ്ടി ഓടിക്കുമ്പോള്‍ ഓവര്‍ സ്പീഡാണെന്ന് പറഞ്ഞ് പൊലീസ് പിടിച്ചു. അദ്ദേഹം എന്നോട് അതിന്റെ ദൂഷ്യ വശങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് മണിയന്‍ പിള്ള രാജുവിന്റെ മകനാണെന്ന് പറഞ്ഞു. അതുകേട്ട് ചിരിച്ച ഓഫീസര്‍ പെറ്റി എഴുതി കാശും വാങ്ങിയിട്ട് പറഞ്ഞയച്ചു” എന്നാണ് ഒരു അഭിമുഖത്തിനിടെ നിരഞ്ജ് പറഞ്ഞത്.

ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ചിത്രം ബോക്‌സോഫീസില്‍ ഹിറ്റ് ആയില്ല. ആറോളം സിനിമകള്‍ പൂര്‍ത്തിയാക്കിയ നിരഞ്ജിന്റെ ഏറ്റവും പുതിയ സിനിമ ഒരു താത്വിക അവലോകനമാണ്.