നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ വലിയ ദുരന്തമായി മാറുകയാണ്, പ്ലാസ്റ്റിക് വലിച്ചെറിയരുത്; അഭ്യര്‍ത്ഥനയുമായി നീരജ് മാധവ്

ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തം കാണാന്‍ എത്തുന്നവര്‍ കുന്നുകളില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കരുതെന്ന് നടന്‍ നീരജ് മാധവ്. നീലക്കുറിഞ്ഞി ചെടികള്‍ക്ക് സമീപത്ത് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് നടന്‍ അഭ്യര്‍ത്ഥനയുമായി എത്തിയത്.

നീരജ് മാധവന്റെ കുറിപ്പ്:

നീലക്കുറിഞ്ഞി സന്ദര്‍ശനങ്ങള്‍ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകള്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അമൂല്യമായ സ്ഥലത്ത് ഉപേക്ഷിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകള്‍ അതൊന്നും കാര്യമാക്കുന്നില്ല.

ഈ മനോഹര സ്ഥലം സന്ദര്‍ശിക്കുന്ന എല്ലാവരോടും ഒരു അഭ്യര്‍ത്ഥന, ദയവായി പ്ലാസ്റ്റിക് കൊണ്ടു പോകരുത്. ഇനി പ്ലാസ്റ്റിക് കൊണ്ടുപോയാലും അത് അവിടെ വലിച്ചെറിയാതിരിക്കുക.

ശാന്തന്‍പാറ കള്ളിപ്പാറയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടിരിക്കുന്നത്. ശാന്തന്‍പാറയില്‍ നിന്ന് 6 കിലോമീറ്റര്‍ അകലെയാണ് കള്ളിപ്പാറ. ഇതിന് മുന്‍പ് 2018 ല്‍ ചിന്നക്കനാല്‍ കൊളുക്കു മലയിലും 2020ല്‍ ശാന്തന്‍പാറ തോണ്ടിമലയിലുമാണ് നീലക്കുറിഞ്ഞി പൂത്തത്.