കുട്ടിക്കാലത്ത് മോഹന്‍ലാല്‍ സിനിമയുടെ ഡബ്ബിംഗ് വേര്‍ഷന്‍ കണ്ട് ഫാനായി, സംവിധായകനായാല്‍ അദ്ദേഹത്തെ നായകനാക്കും: നാനി

കുട്ടിക്കാലത്ത് കണ്ട മോഹന്‍ലാല്‍ സിനിമയാണ് തന്നെ ലാലേട്ടന്‍ ഫാന്‍ ആക്കിയതെന്ന് നടന്‍ നാനി. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദസറ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം കേരളത്തിലെത്തിയിരുന്നു. ഇതിനിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെട്ട മലയാളി താരങ്ങളെ കുറിച്ച് നാനി സംസാരിച്ചത്.

കുട്ടിക്കാലത്ത് ലാലേട്ടന്‍ അഭിനയിച്ച ‘യോദ്ധ’ സിനിമയുടെ ഡബിംഗ് വേര്‍ഷന്‍ ആണ് കണ്ടത്. താന്‍ ആദ്യമായി കണ്ട മലയാള സിനിമ യോദ്ധയാണ്. ഇഷ്ടപ്പെട്ട നായിക നസ്രിയ ആണ് എന്ന് പറഞ്ഞില്ലെങ്കില്‍ അവള്‍ തന്നെ കൊല്ലും എന്നാണ് തമാശയായി നാനി പറയുന്നത്.

‘അണ്ടെ സുന്ദരനികി’ എന്ന ചിത്രത്തില്‍ നസ്രിയായിരുന്നു നാനിയുടെ നായികയായി എത്തിയത്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രം തനിക്ക് പ്രിയപ്പെട്ടതാണ്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ബാംഗ്ലൂര്‍ ഡേയ്‌സ് ആണെന്നും നാനി പറഞ്ഞു.

‘അയ്യപ്പനും കോശിയും’ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ‘മലയന്‍ കുഞ്ഞ്’ ആണ് ഒടുവില്‍ കണ്ട മലയാള സിനിമ. പുതിയ തലമുറയില്‍ ഫഹദാണ് തന്റെ പ്രിയപ്പെട്ട നടന്‍. മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ അന്‍വര്‍ റഷീദ്, ലിജോ ജോസ് പെല്ലിശേരി, പൃഥ്വിരാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കണം.

എന്നെങ്കിലും മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ സാധിച്ചാല്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ആകും പ്രധാന വേഷം ചെയ്യാന്‍ ക്ഷണിക്കുകയെന്നും നാനി പറഞ്ഞു. അതേസമയം, ഇന്ന് നാനിയുടെ ദസറ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക.