അത്രയും പണം മുടക്കിയ അവരുടെ ഭാഗത്ത് നിന്നും നമ്മള്‍ ചിന്തിക്കണം: നാദിര്‍ഷ പറയുന്നു

കേശു ഈ വീടിന്റെ നാഥന്‍ ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നതിനെ കുറിച്ച് നാദിര്‍ഷ. ദിലീപ് നായകനാകുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ഡിസംബര്‍ 31ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. തിയേറ്റര്‍ ലക്ഷ്യം വച്ച് ഒരുക്കിയ സിനിമയായിരുന്നു കേശു എന്നാണ് നാദിര്‍ഷ പറയുന്നത്.

തിയേറ്റര്‍ ലക്ഷ്യം വച്ച് ഒരുക്കിയ ചിത്രം തന്നെയാണ്. 2019 മുതല്‍ ചിത്രീകരണം തുടങ്ങിയതാണ്. 2021 ഏപ്രില്‍ വരെ നമ്മള്‍ ഒ.ടി.ടി എന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. പിന്നെ സിനിമയ്ക്കായി പണം മുടക്കിയ ആളുകളെ കുറിച്ച് നമുക്ക് ചിന്തിക്കാതിരിക്കാനാവില്ല.

ബിഗ് ബഡ്ജറ്റ് ചിത്രം തന്നെയാണ് കേശു ഈ വീടിന്റെ നാഥന്‍. 13 കോടിയോളം നിര്‍മാണ ചെലവ് വന്നിട്ടുണ്ട്. രാമേശ്വരം, കാശി, പളനി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി ചിത്രീകരിച്ച സിനിമയാണ്. കാണുമ്പോള്‍ ഒരു കൊച്ചു ചിത്രം എന്ന് തോന്നുമെങ്കിലും ഇതിന്റെ ബജറ്റ് വലുതാണ്.

അത്രയും പണം മുടക്കിയവരുടെ ഭാഗത്ത് നിന്നും നമ്മള്‍ ചിന്തിക്കണം. അങ്ങനൊണ് ഒ.ടി.ടിയെക്കുറിച്ച് ആലോചിക്കുന്നത്. കുറുപ്പും മരക്കാറുമൊക്കെ തിയേറ്റര്‍ റിലീസ് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഒ.ടി.ടിയുമായി കരാര്‍ ഒപ്പിട്ടിരുന്നു എന്നാണ് നാദിര്‍ഷ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.