'മേരാ നാം ഷാജി'യില്‍ ഒരു ഷാജിയായി ബൈജുവിനെ തിരഞ്ഞെടുത്തതിനു പിന്നില്‍?; കാരണം വ്യക്തമാക്കി നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി റിലീസിംഗിന് ഒരുങ്ങുകയാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ആസിഫ് അലി, ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. ഈ ചിത്രത്തിലേക്ക് എന്തു കൊണ്ട് ഷാജിമാരിലൊരാളായി ബൈജുവിനെ തിരഞ്ഞെടുത്തു എന്നു പറയുകയാണ് നാദിര്‍ഷ.

“ചിത്രത്തില്‍ ബൈജു അവതരിപ്പിക്കുന്ന ഷാജി കഥാപാത്രം തിരുവനന്തപുരത്തുകാരനാണ്. അത് തിരഞ്ഞെടുപ്പിന് പ്രചോദനമായി. അതിലെല്ലാം ഉപരിയായി ബൈജു ഒരു ഗംഭീര ആക്ടറാണ്. ഏതു സിനിമ ചെയ്താലും ചെയ്യുന്ന കഥാപാത്രങ്ങളെ സുരക്ഷിതമാക്കുന്ന ശൈലിയാണ് ബൈജുവിന്റേത്. അതിനാല്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ ബൈജു തന്നെയാണ് യോഗ്യനെന്ന് തോന്നി.” ലല്ലു സ്പീക്കില്‍ നാദിര്‍ഷ പറഞ്ഞു. സിനിമയില്‍ 37 വര്‍ഷമായുള്ള ബൈജു ഇടക്കാലത്ത് ചില വിവാദങ്ങളില്‍ പെട്ട് അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെ ബൈജു വീണ്ടും സിനിമയില്‍ സജീവമായി.

കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവര്‍ ജന്റില്‍മാന്‍ ഷാജി എന്നീ മൂന്നു ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി. നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന്‍ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്‍, ഷാനി ഖാദര്‍ എന്നിവരാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങും എമില്‍ മുഹമ്മദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.