പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, ലഹരിഭ്രമങ്ങളില്‍ അടിമപ്പെടാത്ത, വിഷ്ണുവിനെ പോലുള്ളവരിലാണ് എന്റെ പ്രതീക്ഷ: സംവിധായകന്‍ അഭിലാഷ് വി.സി

മലയാള സിനിമയിലെ അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്ന ചില യുവതാരങ്ങള്‍ക്കെതിരെ നടപടി സൂചന നല്‍കി കഴിഞ്ഞ ദിവസം ഫെഫ്ക പത്രസമ്മേളനം നടത്തിയിരുന്നു ഷൂട്ടിംഗ് സെറ്റുകളിലെ പ്രശ്‌നങ്ങളും, കുടുംബക്കാരെ കൊണ്ടുവന്ന് എഡിറ്റിംങ് അടക്കം കാണിക്കാന്‍ നിര്‍ബന്ധിക്കുന്നതും, താമസിച്ച് മാത്രം ഷൂട്ടിംങ് സെറ്റിലേക്ക് ചെല്ലുന്നതും എന്നിങ്ങനെ അനവധി കാരണങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.

എന്നാലിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് സംവിധായകന്‍ അഭിലാഷ് വിസിയുടെ ഉണ്ണികൃഷ്ണനെക്കുറിച്ചുള്ള കുറിപ്പാണ്. ഷൂട്ടിംഗ് സെറ്റുകളില്‍ പാലിക്കുന്ന വിനയവും, മര്യാദയും എല്ലാം തന്നെ മറ്റുള്ള എല്ലാവര്‍ക്കും മാതൃകയാണെന്ന് സംവിധായകന്‍ പറയുന്നു.

അഭിലാഷ് വിസിയുടെ കുറിപ്പ്

മലയാള സിനിമയിലെ ചില യുവതാരങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. എന്നാല്‍ ഞാന്‍ ചൂണ്ടിക്കാണിക്കുന്നത് എന്റെ കഴിഞ്ഞ സിനിമയിലെ നായകവേഷം ചെയ്ത ഈ ചെറുപ്പക്കാരനെയാണ്. സെറ്റില്‍ എല്ലാവരോടും ഹൃദ്യമായി ഇടപെടുന്ന വിഷ്ണുവിനെ പറ്റി ‘സബാഷ് ചന്ദ്രബോസി’ന്റെ ഷൂട്ടിംഗ് ഒരാഴ്ച്ച പിന്നിട്ട സമയത്ത് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഒരു സിനിമയില്‍ ക്രിയേറ്റിവിറ്റിയുടെ അവസാന വാക്ക് സംവിധായകനാണെന്ന് വിശ്വസിക്കുന്ന, പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, പാതിരാത്രി ഷൂട്ട് കഴിഞ്ഞാലും അതീവരാവിലെ വിത്ത് മേക്കപ്പില്‍ അടുത്ത ഷോട്ടിനായി ഹാജരാവുന്ന, ലഹരി ഭ്രമങ്ങളില്‍ അടിമപ്പെടാത്ത, വിഷ്ണുവിനെ പോലുള്ളവരിലാണ് എന്റെ പ്രതീക്ഷ.

വേറെയും ഒരുപാട് വിഷ്ണുമാരുള്ള ഇന്‍ഡസ്ട്രിയാണിത്. നിര്‍മ്മാതാവിനും സംവിധായകനും ആത്യന്തികമായി സിനിമയ്ക്കും കഥാ പാത്രത്തിനും മൂല്യം കല്‍പ്പിക്കുന്ന അഭിനേതാക്കളെ മാത്രമേ ഇനി സ്വന്തം സിനിമയില്‍ വിശ്വസിക്കുന്ന സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ആവശ്യമുള്ളൂ എന്ന് ചിന്തിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇന്ന് മലയാള സിനിമയിലുള്ളൂയെന്നും സംവിധായകന്‍ പറയുന്നു.