നടി സായ് പല്ലവിയുടെ ഒറ്റ ഫോണ്‍കോള്‍ ആണ് താന്‍ ജീവിതം തിരിച്ചു പിടിക്കാന്‍ കാരണമായതെന്ന് വെളിപ്പെടുത്തി സംഗീതസംവിധായകന്‍ സുരേഷ് ബോബിലി. മദ്യപാനത്തിന് അടിമയായ തന്നെ സിനിമകളില്‍ നിന്ന് വരെ മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സായ് പല്ലവി തന്നെ വിളിച്ച് ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. അത് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു, അങ്ങനെ മദ്യപാനം ഉപേക്ഷിച്ചുവെന്നാണ് സുരേഷ് പറയുന്നത്.
”വിരാട പര്‍വം എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ അമിത മദ്യപാനത്തിന് അടിമയായിരുന്നു. ഒരു ഘട്ടത്തില്‍ എന്നെ സിനിമയില്‍ നിന്ന് മാറ്റാന്‍ ആലോചനയുണ്ടായി. അന്ന് എന്റെയൊപ്പം നിന്നത് ചിത്രത്തിലെ നായികയായ സായ് പല്ലവി മാത്രമായിരുന്നു. ഞാന്‍ തന്നെ സംഗീതസംവിധായകനായി തുടരണമെന്ന് സായ് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയില്‍ തുടരുന്നത്.”
”അവസാന മിക്‌സിങ് പൂര്‍ത്തിയായപ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കോള്‍ ആയിരുന്നു അത്. സായ് പല്ലവിയാണ് വിളിച്ചത്. വിരാട പര്‍വം റിലീസ് ആയിക്കഴിഞ്ഞാല്‍ ആദ്യം അഭിനന്ദനം ലഭിക്കുന്നത് എനിക്കായിരിക്കുമെന്ന് സായ് പറഞ്ഞു. അതിന് ശേഷം മാത്രമേ അഭിനേതാക്കള്‍ക്ക് പോലും അഭിനന്ദനം ലഭിക്കൂ എന്ന് സായ് പറഞ്ഞു. മദ്യത്തിനും മറ്റും അടിമപ്പെട്ട് ഉള്ളിലുള്ള കഴിവിനെ നശിപ്പിച്ച് കളയരുതെന്ന് സായ് എന്നെ ഉപദേശിച്ചു.”
”ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അംഗീകാരങ്ങളും ബഹുമാനവും തേടിവരുമെന്നും സായ് പല്ലവി എന്നോട് പറഞ്ഞു. ആ നടി എന്റെ ജോലിയെ പിന്തുണയ്ക്കുക മാത്രമല്ല ചെയ്തത് ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു, എന്നോട് അനുകമ്പ കാണിച്ചു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാന്‍ അത് എന്നെ പ്രേരിപ്പിച്ചു. കഴിവുള്ള നിരവധി സംഗീതജ്ഞര്‍ ഇപ്പോഴും കാത്തിരിക്കുന്ന അവസരങ്ങളിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത് എന്നെനിക്ക് തോന്നി.”
Read more
”ഇനിയും വളരണമെങ്കില്‍ എനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ വിലമതിക്കേണ്ടതുണ്ടെന്ന് ഞാന്‍ ചിന്തിച്ചു. ആ നിമിഷം മുതല്‍ മദ്യപാനം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ മദ്യപാനം ഉപേക്ഷിക്കാനുള്ള പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. ആ മൂന്ന് മാസങ്ങള്‍ നരകതുല്യമായിരുന്നു. ചിലപ്പോള്‍ ശരീരമൊട്ടാകെ വിറയ്ക്കും. മദ്യപിക്കണമെന്ന് തീവ്രമായി തോന്നും. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത ദിവസങ്ങളായിരുന്നു അത്. പക്ഷേ ഞാന്‍ അതെല്ലാം തരണം ചെയ്ത് ഒടുവില്‍ മദ്യപാനം ഉപേക്ഷിക്കുക തന്നെ ചെയ്തു” എന്നാണ് സുരേഷ് ബോബിലി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.








