ഞാന്‍ ട്രൈ ചെയ്തത് മാസ് എന്റര്‍ടെയ്‌നര്‍ സിനിമ, അതാണ് രാജു റിലേറ്റ് ചെയ്തതും: മുരളി ഗോപി

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെ കുറിച്ചുള്ള ചെറിയ സൂചനകള്‍ പൃഥ്വിരാജും മുരളി ഗോപിയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിന്റെ വിജയ രഹസ്യത്തെ കുറിച്ച് വീണ്ടും പറയുകയാണ് മുരളി ഗോപി ഇപ്പോള്‍. ലൂസിഫറില്‍ താന്‍ ട്രൈ ചെയ്തത് മാസ് എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയാണ്. അതാണ് രാജു റിലേറ്റ് ചെയ്തതും.

അതു തന്നെയാണ് ലൂസിഫറിന്റെ വിജയവും എന്നാണ് മുരളി ഗോപി മനോരമ ഓണ്‍ലൈനോട് പറഞ്ഞിരിക്കുന്നത്. ലൂസിഫര്‍ എന്ന സിനിമയിലേക്കു വന്നാല്‍ അതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് എന്റര്‍ടെയ്ന്‍മെന്റിനാണ്. തന്നെ സംബന്ധിച്ചിടത്തോളം കാഴ്ചക്കാരെ രസിപ്പിക്കുന്നതാകണം സിനിമ.

ലൂസിഫര്‍ തിയേറ്ററില്‍ കണ്ടതിനു ശേഷം വീണ്ടും മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ഒറ്റയ്ക്കിരുന്നു കാണുമ്പോള്‍ സിനിമ മറ്റൊരു അര്‍ത്ഥതലങ്ങളില്‍ പ്രേക്ഷകരുമായി സംവദിക്കുന്നുണ്ട്. മുന്‍വിധി കൂടാതെ കണ്ടാല്‍ മാത്രമേ ഒരു സിനിമ എന്താണ് സംവദിക്കുന്നതെന്ന് മനസിലാവുകയുള്ളൂ.

മാസ് സിനിമകള്‍, ഫാന്റസി സിനിമകള്‍, പിരിയഡ് മൂവീസ്, റൊമാന്‍സ്, ഡ്രാമ തുടങ്ങിയ ജോണറുകളെ എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നത്. ഒരിടത്ത് മാത്രം നില്‍ക്കാന്‍ താല്‍പര്യമില്ല. ലൂസിഫര്‍ അത് ബ്രേക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുരളി ഗോപി പറയുന്നു.

Read more

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമാണ്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, ടൊവിനോ, സാനിയ ഇയ്യപ്പന്‍, ഇന്ദ്രജിത്ത് തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ എത്തിയിരുന്നു. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും ഒരുങ്ങുന്നുണ്ട്. ചിരഞ്ജീവി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.