'ഒരാൾക്ക് ഒന്നിൽ കൂടുതൽ ഇണ വേണം എന്നുപറയുന്നവരെ കേൾക്കില്ല എന്ന് തീരുമാനിച്ചത് വിദ്യാർത്ഥികളാണ്' ; ജിയോ ബേബിക്കെതിരെ എം എസ് എഫ് പ്രസിഡന്റ് പി. കെ നവാസ്

കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധായകൻ ജിയോ ബേബി നടത്തിയ പ്രസ്താവനയ്ക്കെതിരെ എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്.കഴിഞ്ഞ ദിവസമാണ് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ജിയോ ബേബിയെ ക്ഷണിക്കുകയും, എന്നാൽ പിന്നീട് പരിപാടിക്ക് വരേണ്ടതില്ലെന്നും പറഞ്ഞ് ജിയോ ബേബിയ്ക്ക് വിദ്യാർത്ഥി യൂണിയൻ കത്തയക്കുകയും ചെയ്തത്.

പരിപാടിയുമായി ബന്ധപ്പെട്ട് എത്തിച്ചേരുന്ന ഉദ്ഘാടകന്റെ പരാമർശങ്ങൾ കോളേജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് എതിരാണ്, ആയതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർഥി യൂണിയൻ സഹകരിക്കുന്നതല്ല എന്നാണ് കത്തിലുണ്ടായിരുന്നത്

എന്നാൽ ഇത് തനിക്ക് വലിയ അപമാനമാണ് സൃഷ്ടിച്ചത് എന്ന് പറഞ്ഞ സംവിധായകൻ ജിയോ ബേബി നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും പ്രതികരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രതികരങ്ങളാണ് സിനിമ- സാംസ്കാരിക മേഖലയിൽ നിന്നും വരുന്നത്.

ഈ സാഹചര്യത്തിലാണ് പി. കെ നവാസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരാൾക്ക് ഒരു ഇണ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്ന് പറയുന്ന ഒരാളെ കേൾക്കില്ല എന്നത് തീരുമാനിച്ചത് വിദ്യാർത്ഥികളാണ് എന്നാണ് പി. കെ നവാസ് പറയുന്നത്. കൂടാതെ കോളേജ് യൂണിയൻ അല്ല ജിയി ബേബിയെ അതിഥിയായി ക്ഷണിച്ചത് എന്നും നവാസ് കൂട്ടി ചേർത്തു. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നവാസ് തന്റെ പ്രതികരണം അറിയിച്ചത്.

പി കെ നവാസിന്റെ പോസ്റ്റ് :
‘ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്”, “വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”, “കുടുംബം ഒരു മോശം സ്ഥലമാണ്”, “എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്” (ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്)

ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്. തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ട്. കൂട്ടിച്ചേർക്കൽ:- ക്ഷണിച്ചത് യൂണിയനല്ല

അതേസമയം ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോളേജിന് മുന്നില്‍ എസ്എഫ്ഐ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

എനിക്കുണ്ടായ അനുഭവം മാത്രമല്ല നാളെ ഇങ്ങനെയൊരു അനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും,  ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്, വിദ്യാർത്ഥി യൂണിയൻ എന്തുതരം ആശയമാണ് മുന്നോട്ടുവെക്കുന്നത് എന്ന് അറിയണം എന്നുണ്ട് എന്നുമാണ് ജിയോ ബേബി പ്രതികരിച്ചത്.