അമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധിക, സിനിമയ്ക്ക് അതിര്‍ത്തികള്‍ മറികടക്കാനുള്ള കഴിവുണ്ട്: ജോണ്‍ എബ്രഹാം

തന്റെ അമ്മ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണെന്ന് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താരം നിര്‍മ്മിക്കുന്ന മൈക്ക് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ വച്ചാണ് താരം മോഹന്‍ലാലിനോടുള്ള അമ്മയുടെ ആരാധനയെ കുറിച്ച് പറഞ്ഞത്.

”എന്റെ അമ്മ മലയാളിയല്ല. എന്നാല്‍ അമ്മയുടെ ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാലാണ്. സിനിമയ്ക്ക് അതിര്‍ത്തികള്‍ മറികടക്കാനുള്ള കഴിവുണ്ട്” എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്. ആലുവ സ്വദേശിയാണ് ജോണിന്റെ അച്ഛന്‍.

മോഡലിംഗിലൂടെയാണ് താരം ബോളിവുഡിലെത്തിയത്. ജിസം എന്ന ചിത്രത്തിലൂടെ 2003ല്‍ ജോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ധൂം ചിത്രത്തിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അറ്റാക്ക്, ഏക് വില്ലന്‍ റിട്ടേണ്‍സ്, പത്താന്‍ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി എത്തുന്ന പുതിയ ചിത്രങ്ങള്‍.

അതേസമയം, ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ വച്ചാണ് നടന്നത്. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം എന്നിവര്‍ അഭിനയിക്കുന്നു.