'രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഭര്‍ത്താവ് മരിച്ചത്, പിന്നെ നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഷ്ടപ്പെട്ടു': മോളി

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മോളി കണ്ണമാലി. ഭര്‍ത്താവ് ഫ്രാന്‍സിസിനേക്കുറിച്ചും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചും ജഗദീഷ് അവതാരകനായി എത്തിയ ഒരു ടെലിവിഷന്‍ ഷോയിലാണ് മോളി പങ്കുവെച്ചത്. ചവിട്ടു നാടക കലാകാരനായിരുന്ന ഫ്രാന്‍സിസാണ് മോളിയുടെ ഭര്‍ത്താവ്. 30-ആം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മരിക്കുന്നത്. അതിനു ശേഷം ജീവിതം കടന്നുപോയത് ദുരിതത്തിലൂടെയാണെന്നു മോളി പറയുന്നു.

നാടകത്തിലെ പ്രണയരംഗത്തിന്റെ ഭാഗമായി തൊട്ടപ്പോള്‍ ഫ്രാന്‍സിസിന്റെ കവിളില്‍ അടിച്ചു. അതിനു പിന്നാലെ വിവാഹം ആലോചിച്ച് ഫ്രാന്‍സിസ് വീട്ടില്‍ വരുകയായിരുന്നു. എന്നാല്‍, അടിച്ചതിന്റെ വൈരാഗ്യമായിരിക്കുമോ എന്നായിരുന്നു താന്‍ സംശയിച്ചത്. വൈരാ?ഗ്യമല്ലെന്നും തനിക്ക് ശരിക്കും ഇഷ്ടമാണ് എന്നുമായിരുന്നു ഫ്രാന്‍സിസിന്റെ മറുപടി. കുറച്ചു നാള്‍ പ്രണയിച്ചതിനു ശേഷമാണ് വിവാഹിതരായത്.

സന്തോഷകരമായി ആരംഭിച്ച ജീവിതം ദുരിതമാവാന്‍ അധികകാലമുണ്ടായിരുന്നില്ല. ഇളയമകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഫ്രാന്‍സിസിന്റെ വേര്‍പാട്. 30 വയസ്സായിരുന്നു ഫ്രാന്‍സിസിന് പ്രായം. ഹൃദയാഘാതമായിരുന്നു. ജീവിതം പിന്നീട് ദുരിതപൂര്‍ണമായിരുന്നു. ചവിട്ടു നാടകം കളിച്ചും കരിങ്കല്ല് ചുമന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടു പോയത്. പ്രസവിക്കുന്നതിന്റെ തലേന്നും ചവിട്ടു നാടകം കളിച്ചു. അമ്മ താങ്ങായി നിന്നതും ജീവിതം മുന്നോട്ടു പോകാന്‍ കരുത്തായി’- മോളി പറഞ്ഞു.