വലിയ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്ത് എടുത്ത സിനിമയാണ്: മോഹന്‍ലാല്‍

ആറാട്ട് സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. ഇന്നലെ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.

ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് എല്ലാ പ്രേക്ഷകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അണ്‍റിയലിസ്റ്റിക് എന്റര്‍ടെയ്നര്‍ എന്നാണ് ആ സിനിമ കഴിയുമ്പോള്‍ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങളൊന്നുമില്ല.

ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവല്‍ മൂഡിനെ ഉദ്ദേശിച്ചാണ്. കോവിഡ് മഹാമാരി കഴിഞ്ഞ് വീണ്ടും തിയേറ്ററുകള്‍ ഒന്നു ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കി തന്നിരിക്കുകയാണ്.

വളരെയധികം നല്ല റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എ.ആര്‍ റഹ്‌മാനോട് നന്ദി പറയാനുണ്ട്. കോവിഡിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഷൂട്ട് ചെയ്ത സിനിമയാണ്. ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തി.

ബി. ഉണ്ണികൃഷ്ണന്റെ സിനിമകളില്‍ നിന്നൊക്കെ മാറി ഒരുപാട് വ്യത്യസ്തമായ എന്റര്‍ടെയ്നറാണ് ഇത്. ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓര്‍മിപ്പിക്കുന്ന നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന ഒരുപാട് സീനുകള്‍ നമ്മള്‍ മനപ്പൂര്‍വം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഫാമിലി എന്റര്‍ടെയ്നറായിട്ടാണ് ഈ സിനിമയെ ഞങ്ങള്‍ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തത്. ആറാട്ടിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നല്ല സിനിമകളുമായി വീണ്ടും വരാം എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ വേഷമിട്ടത്. ആക്ഷന്‍, ഡാന്‍സ്, പാട്ട് എല്ലാം കൂടിച്ചേര്‍ന്ന ചിത്രം ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് എത്തിയത്.

Read more