ഇത്തരം സിനിമകള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്, മലയാളത്തില്‍ ആദ്യമായിട്ട് ആയിരിക്കും ഇങ്ങനെയൊരു പ്രമേയം: മോഹന്‍ലാല്‍

ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ നിറഞ്ഞ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’ എന്ന് മോഹന്‍ലാല്‍. വളരെ അപൂര്‍വമായാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്, അതില്‍ സന്തോഷമുണ്ട്. മലയാളത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം എത്തുന്നത് എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

എന്നിലെ നടനെ സംബന്ധിച്ചടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഇതിലുണ്ട്. എല്ലാ സിനിമയിലുമുണ്ട്, പക്ഷേ ഇതിലെ പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഒരു പക്ഷേ മലയാളത്തില്‍ ആദ്യമായായിരിക്കും ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്.

തിരക്കഥ തന്നെയാണ് താരം. ഹീറോ, വില്ലന്‍ എന്നിങ്ങനെയുള്ള കോണ്‍സെപ്റ്റ് ഈ സിനിമയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതില്‍ തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. മോണ്‍സ്റ്ററിനെ കുറിച്ച് ഇത്രയേ പറയാന്‍ പറ്റൂ. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന നിലയില്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്.

‘പുലിമുരുകന്’ ശേഷം വൈശാഖ്-മോഹന്‍ലാല്‍-ഉയദ കൃഷ്ണ കോംമ്പോയില്‍ എത്തുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രത്തിന്റെതായി പുറത്തു വന്ന ട്രെയ്‌ലറും ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തും.