തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ നിങ്ങള്‍ക്ക് ഇട്ടിമാണിയിലും കാണാന്‍ കഴിഞ്ഞേക്കാം: മോഹന്‍ലാല്‍

ഓണം റിലീസായി തിയേറ്ററുകളിലെത്താനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. നവാഗതരായ ജിബി-ജോജു ടീം സംവിധാനം ചെയ്യുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പദ്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍കാരനാകുന്ന ചിത്രമാണ് ഇട്ടിമാണി. ചിത്രത്തില്‍ തൃശൂര്‍ ഭാഷ കുറച്ചു മാത്രമാണ് സംസാരിക്കുന്നതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. എന്നാല്‍ തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ഇട്ടിമാണിയിലും കാണാന്‍ കഴിഞ്ഞേക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

“തൂവാനത്തുമ്പികളില്‍ തൃശൂര്‍ ഭാഷ വളരെ അപൂര്‍വമായാണ് സംസാരിക്കുന്നത്. സിനിമയിലുടനീളം ജയകൃഷ്ണന്‍ ആ ഭാഷ സംസാരിക്കുന്നില്ല. അങ്ങനെ തൃശൂരുകാരുപോലും സംസാരിക്കില്ല. അവര്‍ക്ക് അവരുടേതായ ചില വാക്കുകളും പ്രയോഗങ്ങളുമൊക്കെയുണ്ട്. അതെല്ലാം ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. മുഴുനീളം തൃശൂര്‍ ഭാഷ സംസാരിക്കുമ്പോള്‍ പ്രേക്ഷകന് ഒരുപക്ഷേ താത്പര്യക്കുറുവുണ്ടാകാം. വൈകാരികമുഹൂര്‍ത്തങ്ങളില്‍ അതൊഴിവാക്കിയിട്ടുണ്ട്.”

“ജയകൃഷ്ണനും ഇട്ടിമാണിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. എന്നാല്‍ തൂവാനത്തുമ്പികളില്‍ കണ്ട ചില രംഗങ്ങള്‍ നിങ്ങള്‍ക്ക് ഈ സിനിമയിലും കാണാന്‍ കഴിഞ്ഞേക്കാം. അതു ബോധപൂര്‍വം തന്നെ ചെയ്തതാണ്. ചില ഡയലോഗുകള്‍, രൂപസാദൃശ്യം സിനിമ കാണുമ്പോള്‍ അത് കൂടുതല്‍ മനസ്സിലാവും.” ഡിജിറ്റല്‍ മീഡിയ ഹബ്ബ് മീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞു.

Image may contain: 1 person, text

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി റോസാണ് ചിത്രത്തില്‍ നായിക. മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ചിത്രം ഈ മാസം ആറിന് തിയേറ്ററുകളിലെത്തും.