മകള്‍ വിസ്മയയുടെ അരങ്ങേറ്റ ചിത്രത്തില്‍ ലീഡ് റോളില്‍ എത്തുന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനെ കുറിച്ച് വാചാലനായി മോഹന്‍ലാല്‍. ഇത് വളരെ ആകസ്മികമായി സംഭവിച്ച കാര്യമാണെന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ ആശിഷ് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ചത്.
”ഞാന്‍ ഒരാളെ കൂടി ഈ സ്റ്റേജിലേക്ക് വിളിക്കാന്‍ പോവുകയാണ്. ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യുന്ന ഒരാളാണ് അത്. മറ്റാരുമല്ല അത് ആന്റണിയുടെ മകനാണ്. അദ്ദേഹം അവിടെ ഒളിച്ചിരിക്കുകയാണ്. ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷം. ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോള്‍ ഇതില്‍ ഒരു കഥാപാത്രം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു.”
”കഴിഞ്ഞ ഒരു സിനിമയില്‍ (എമ്പുരാന്‍) ചെറിയൊരു റോള്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മോന്‍ ഇപ്പോള്‍ ദുബായിലാണ്, വളരെ നല്ല ഒരു ഫുട്‌ബോള്‍ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണ്, വളരെ നല്ല ഒരു പയ്യനാണ്. അങ്ങനെ ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു ആളാണ് ആശിഷ്. ഈ ഗുണങ്ങളൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ ഉള്ള യോഗ്യതയാണോ എന്ന് ചോദിച്ചാല്‍ അല്ല പക്ഷേ അതൊക്കെ ഇതിന് മുതല്‍ക്കൂട്ടാകും.”
”അങ്ങനെ അദ്ദേഹവും ഒരു ലീഡ് റോള്‍ ഈ സിനിമയില്‍ ചെയ്യുന്നുണ്ട്. ആന്റണി എന്നോട് ചോദിച്ചു, സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു തീര്‍ച്ചയായും അറിയിക്കണം എന്തായാലും കുറച്ചു കഴിയുമ്പോള്‍ എല്ലാവരും അറിയും. ആന്റണിക്കും അതിന്റെ ഒരു അഭിമാനം ഉണ്ട്. മോനും എന്റെ എല്ലാവിധ ആശംസകളും ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹവും അറിയിക്കുന്നു. എന്റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും മോന് ഉണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
Read more
അതേസമയം, വ്യാഴാഴ്ച രാവിലെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ വച്ചായിരുന്നു വിസ്മയ നായികയായെത്തുന്ന ‘തുടക്കം’ സിനിമയുടെ പൂജ നടന്നത്. സഹോദരനും നടനുമായ പ്രണവ് ക്ലാപ്പ് അടിച്ചു കൊണ്ടാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ആണ് ചായാഗ്രഹണം.








