എന്റെ ആദ്യ ഓസ്‌കര്‍ രാം ഗോപാല്‍ വര്‍മയാണ്.. പലരും എന്റെ കാസറ്റുകള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞിരുന്നു: എം.എം കീരവാണി

തനിക്ക് ലഭിച്ച ആദ്യത്തെ ഓസ്‌കര്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ആണെന്ന് എം.എം കീരവാണി. ‘നാട്ടു നാട്ടു’വിന് ഓസ്‌കര്‍ നേടിയതിന് പിന്നാലെ കീരവാണി നല്‍കിയ ഒരു അഭിമുഖത്തിലാണ് സംഗീത സംവിധായകന്‍ ആര്‍ജിവിയെ പുകഴ്ത്തി എത്തിയത്. ആര്‍ജിവി തനിക്ക് ആദ്യമായി അവസരം തന്നതിനെ കുറിച്ചാണ് കീരവാണി പറയുന്നത്.

”രാം ഗോപാല്‍ വര്‍മയാണ് എന്റെ ആദ്യ ഓസ്‌കര്‍. ഈ 2023ല്‍ എനിക്ക് രണ്ടാമത്തെ ഓസ്‌കര്‍ ആണ് ലഭിച്ചത്. അങ്ങനെ പറയാന്‍ കാരണമുണ്ട്. തുടക്കകാലത്ത് ഞാന്‍ സമീപിച്ച 51 ഓളം ആളുകള്‍ എന്റെ ഓഡിയോ കാസറ്റുകള്‍ നിരസിച്ചിരുന്നു. പലതും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു. ആരും എന്നെ കേള്‍ക്കാന്‍ തയാറായില്ല.”

”ഒരു അപരിചിതന്‍ വന്ന് എന്റെ ട്യൂണുകള്‍ നിങ്ങള്‍ കേട്ട് നോക്കു എന്ന് പറഞ്ഞാല്‍ ആരാണ് ശ്രദ്ധിക്കുക? പലര്‍ക്കും അത് ഇഷ്ടപ്പെടില്ല. അതായിരുന്നു അന്ന് എന്റെ യോഗ്യത. ആ സമയത്താണ് രാം ഗോപാല്‍ വര്‍മ എനിക്ക് അദ്ദേഹത്തിന്റെ ‘ക്ഷണ ക്ഷണം’ എന്ന സിനിമയില്‍ അവസരം തരുന്നത്.'[‘

”അദ്ദേഹം എന്റെ ജീവിതത്തില്‍ ഒരു ഓസ്‌കര്‍ പോലെയാണ്. കാരണം ആ സിനിമ മെഗാഹിറ്റ് ആയിരുന്നു. രാം ഗോപാല്‍ വര്‍മ എന്റെ ഓസ്‌കര്‍ ആണ്. ആരാണ് കീരവാണി എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ രാം ഗോപാല്‍ വര്‍മ അയാള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന് കേട്ടു കാണും. അത് ഒരു വലിയ കാര്യമായിരുന്നു.”

”രാം ഗോപാല്‍ വര്‍മയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചതിന് ശേഷമാണ് എനിക്ക് അവസരങ്ങള്‍ ലഭിച്ചത്. അത് എന്നെ ഒരുപാട് സഹായിച്ചു” എന്നാണ് കീരവാണി പറയുന്നത്. കീരവാണിയുടെ ഈ വാക്കുകളോട് ആര്‍ജിവി പ്രതികരിച്ചിട്ടുമുണ്ട്. ”ഞാന്‍ മരിച്ചു പോയത് പോലെയാണ് തോന്നുന്നത്. കാരണം മരിച്ചവരെയാണ് ഇത്രയും പുഴ്ത്താറുള്ളത്” എന്നാണ് ആര്‍ജിവിയുടെ പ്രതികരണം.