അവര്‍ ഒരു ആമുഖമൊക്കെ ഇട്ടാണ് ഇപ്പോള്‍ സംസാരിക്കുന്നത്, ആ ചോദ്യത്തിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല; തുറന്നടിച്ച് മിയ

സിനിമയിലേയ്ക്ക് ഇനി തിരിച്ചു വരുമോ? അതോ അഭിനയം നിര്‍ത്തിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സിനിമാ താരം മിയ ജോര്‍ജ്ജ്. തിരിച്ചുവരാന്‍ താന്‍ സിനിമയില്‍ നിന്നും എവിടേക്കും പോയിട്ടില്ലെന്നും സാധാരണ ജോലിയില്‍ നിന്നും എല്ലാവരും എടുക്കുന്ന പ്രസവാവധി മാത്രമാണ് താനും എടുത്തതെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം.

മിയയുടെ പുതിയ ചിത്രമായ പ്രൈസ് ഓഫ് പൊലീസിന്റെ പൂജ ചടങ്ങിനിടയില്‍ മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തിനിടെ സംസാരിക്കുകയായിരുന്നു താരം. തിരിച്ചുവരാന്‍ താന്‍ എവിടെപ്പോയി എന്നും. എല്ലാവരും ഡെലിവറിക്ക് വേണ്ടി ലീവ് എടുക്കുന്നത് പോലെ മാത്രമേ താനും എടുത്തുള്ളൂ. ഇനി പഴയതു പോലെ തിരിച്ച് ജോലിയിലേക്ക്. ലീവ് എടുത്തതല്ലാത്ത സമയത്തൊക്കെ ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞു.

ഇനി സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യം തന്നെയായിരുന്നു ഈ സമയത്ത് കൂടുതല്‍ കേട്ടത്. കഥ പറയാന്‍ വിളിക്കുന്ന ആളുകള്‍ ആദ്യം ഒരു ആമുഖം ഒക്കെ ഇട്ടാണ് സംസാരിച്ചിരുന്നത്. ഹലോ, സുഖമല്ലേ, കുഞ്ഞ് എന്ത് പറയുന്നു, ഇപ്പോള്‍ സിനിമ ചെയ്യുന്നുണ്ടോ, ചെയ്യാന്‍ പ്ലാന്‍ ഉണ്ടോ തിരിച്ച് വരുന്നുണ്ടോ എന്നൊക്കെയായിരുന്നു ചോദിക്കുന്നത്. ഇത് ഇങ്ങനെ പയ്യെ തുടങ്ങി വരുമ്പോഴേ എനിക്ക് മനസ്സിലാകും, സിനിമയിലേക്ക് ഞാന്‍ തിരിച്ചുവരുന്നുണ്ടോ എന്ന് അറിയാനാണ് ഈ ചോദ്യം എന്ന്. പക്ഷെ, അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ബാങ്കിങ്ങ് ആയാലും ടീച്ചിങ്ങ് ആയാലും ഏത് മേഖലയിലുള്ളവരാണങ്കിലും പ്രസവത്തിന് ലീവ് എടുക്കാറുണ്ട്. ലീവ് തീരുമ്പോള്‍ തിരിച്ച് ജോലിയിലേക്ക് പ്രവേശിക്കും. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. കുഞ്ഞിന് ആവശ്യമുള്ള, എക്സ്‌ക്ലൂസീവ് ആയി കൊടുക്കേണ്ട ടൈം ഞാന്‍ കൊടുത്തു. ആവശ്യമുള്ള ലീവ് ഞാന്‍ എടുത്തു. തിരിച്ച് പയ്യെപ്പയ്യെ എന്റെ ജോലി ഞാന്‍ സ്റ്റാര്‍ട്ട് ചെയ്തും തുടങ്ങി എന്നും താരം പറഞ്ഞു.

ഇപ്പോള്‍ തമിഴില്‍ തൃഷ ലീഡ് റോളില്‍ എത്തുന്ന, ദ റോഡ് എന്ന ഒരു മൂവി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ പ്രൈസ് ഓഫ് പൊലീസ് എന്ന മൂവിയാണ് ചെയ്യുന്നത്,” മിയ പറഞ്ഞു. സിനിമയില്‍ നിന്നും ഈ ബ്രേക്ക് എടുക്കുന്നതിന് മുമ്പ് മിയ ചെയ്തതില്‍ ശ്രദ്ധേയമായ വേഷമായിരുന്നു ഡ്രൈവിങ്ങ് ലൈസന്‍സ് എന്ന ചിത്രത്തിലെ എല്‍സ കുരുവിള എന്ന കഥാപാത്രം. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായുള്ള ഈ വേഷത്തിലൂടെ തനിക്ക് കോമഡി റോളുകളും ഇണങ്ങുമെന്ന് താരം തെളിയിച്ചിരുന്നു.