കൈയിലാണെങ്കിൽ ഒറ്റ പൈസയില്ല, ഇരുനൂറ് രൂപ കടം വാങ്ങിയാണ് ഞാൻ ആ പാട്ട് റെക്കോഡ് ചെയ്യാൻ പോയത്: എം. ജി ശ്രീകുമാർ

മോഹൻലാൽ, രേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു നാഗവള്ളി സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഏയ് ഓട്ടോ’. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഏയ് ഓട്ടോയിലെ സുധി എന്ന കഥാപാത്രം.

ചിത്രത്തിലെ ഗാനങ്ങളും ജനപ്രീതി നേടിയവയായിരുന്നു. രവീന്ദ്രൻ ആയിരുന്നു ചിത്രത്തിന് സംഗീതം നൽകിയത്. ഇപ്പോഴിതാ ‘സുന്ദരി സുന്ദരി.. ഒന്നൊരുങ്ങി വാ…’ എന്ന ഗാനത്തിന്റെ റെകോർഡിങ് സമയത്ത് താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഗായകൻ എം. ജി ശ്രീകുമാർ.

ഇന്നാണെങ്കിൽ തനിക്കത് പാടാൻ സാധിക്കുമായിരുന്നില്ല എന്നാണ് എം. ജി ശ്രീകുമാർ പറയുന്നത്. റെക്കോർഡിങ് സമയത്ത് ഫ്ലൈറ്റ് മിസ്സാവുകയും, നൂറും ഇരുനൂറും കടം വാങ്ങി അംബാസിഡർ കാറിലാണ് താൻ ഗാനമാലപിക്കാൻ എത്തിച്ചേർന്നതെന്നും എം. ജി ശ്രീകുമാർ ഓർക്കുന്നു.

“എന്റമ്മേ ഞാൻ തീ തിന്ന ഒരു പാട്ടാണത്. ഇന്നൊക്കെയാണെങ്കിൽ എനിക്ക് അത് പാടാനാകുമെന്ന് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല വേണു നാഗവള്ളിയാണ് അതിന്റെ സംവിധായകൻ. ചെന്നൈയിലാണ് റെക്കോർഡിങ്.

എസ്ബിഐയിൽ വർക്ക് ചെയ്യുന്ന സമയവും. ഒരു ദിവസം നാലരക്കാണെങ്കിൽ പിറ്റേ ദിവസം അഞ്ചരക്കാണ് ഫ്‌ളൈറ്റ്. പക്ഷെ എനിക്ക് പോകേണ്ട ദിവസം തെറ്റിപ്പോയി. ഞാൻ റെക്കോർഡിങ്ങിന് പോകേണ്ട ദിവസം നാലരയോടെ ഫ്‌ളൈറ്റിന് ചെല്ലണം എയർപോർട്ടിൽ എത്തുന്നത് അഞ്ചരക്കാണ്. ചെന്ന് കയറിയപ്പോൾ തന്നെ എയർപോർട്ടിൽ ഒരു ശൂന്യത.

പിന്നെയാണ് മനസിലാകുന്നത് ഫ്‌ളൈറ്റ് മിസ്സായെന്ന്. വേണു ചേട്ടനാണെങ്കിൽ‌ നല്ല ദേഷ്യമുള്ള ആളും. ഒന്നും ചെയ്യാനാകില്ല. എന്റെ കയ്യിലാണെങ്കിൽ ഒറ്റ പൈസയില്ല. ഞാൻ അവിടെ നിന്നും മറ്റും നൂറും ഇരുനൂറുമൊക്കെയായി കടം വാങ്ങി. അന്ന് ചെറിയ ഒരു കാറുണ്ട്. അതിൽ ഞാൻ കൂട്ടുകാരെയും കൂട്ടി യാത്ര തിരിച്ചു. എസി ഒന്നും ഇല്ല. ഗ്ലാസ് ഒക്കെ താഴ്ത്തിയാണ് പോകുന്നത്. നാഗർകോവിൽ കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി പോയി.

ഉണർന്ന് നോക്കിയപ്പോൾ എന്റെ വെള്ള ജുബ്ബ മഞ്ഞയായി ഇരിപ്പുണ്ട്. മഴ പെയ്ത് ചെളി അടിച്ചതാണ്. അതുപോലും ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെയും മൂന്നര മണിക്കൂറുണ്ട്. അംബാസിഡർ കാറാണ് വേഗത ഫ്ളൈറ്റിന്റെ അത്രയുണ്ടോ?. അവസാനം എട്ടുമണിയായപ്പോൾ അവിടെ എത്തി. ഔസേപ്പച്ചൻ സാറിന്റെ വീട്ടിലേക്ക് പോയി റെഡിയായി സെറ്റിലേക്ക് പോയി.

ഏറ്റവും പുറകിൽ പോയി നിന്നു. അവസാനം പൂജ കഴിഞ്ഞു. അവസാനം ഒരുവിധം പാട്ട് പഠിച്ചെടുത്ത് പാടി. എല്ലാം കഴിഞ്ഞിട്ട് ഞാൻ ആലോചിച്ചു… ഞാൻ എങ്ങനെ പാടിയെന്ന്. അന്നത്തെ വിഷയങ്ങൾ എല്ലാം കൂടി ആലോചിക്കുമ്പോൾ എനിക്ക് എല്ലാം അത്ഭുതമായിട്ടാണ് തോന്നുന്നത്. പക്ഷെ ആ പാട്ട് സൂപ്പർ ഹിറ്റായി.” എന്നാണ് തന്റെ യൂട്യൂബ് ചാനലിലൂടെ എം. ജി ശ്രീകുമാർ പറഞ്ഞത്.