'ഇപ്പോൾ പറഞ്ഞത് ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും, ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും'; വിമർശിച്ച് എസ് ശാരദക്കുട്ടി

ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് നടിയും അവതാരകയുമായ മീനാക്ഷി നൽകിയ മറുപടിയെ വിമർശിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു എന്നും യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയുമെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി പറയുന്നു.

ചോദ്യം ഫെമിനിസ്റ്റാണോ…. ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ‘ഫെമിനിസം.’ എന്നായിരുന്നു മീനാക്ഷിയുടെ പരാമർശം. എന്നാൽ ഇതിനെ എതിർത്തുകൊണ്ടാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്

മീനാക്ഷി പണ്ട് പറഞ്ഞതും topsinger ൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി – ഇരുമ്പ് തമാശ ഓർക്കുന്നു.
ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ.

ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.
“ചോദ്യം ഫെമിനിസ്റ്റാണോ….
ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ‘ഫെമിനിസം.’….”

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.
ഇപ്പോൾ പറഞ്ഞത് topsinger വേദിയിൽ MG അങ്കിളിൻ്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും.
പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു ‘പ്രിയങ്ക’രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ
എസ്. ശാരദക്കുട്ടി

Read more