'ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ്, പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്'; പാർവതി

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. ശ്രീനിവാസന്റേത് വാക്കാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നഷ്ടമെന്ന് പറഞ്ഞ പാർവതി ഒരു വ്യക്തിയെന്ന നിലയിലും ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രീനിവാസന്‍ മലയാളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസന്റെ കണ്ടനാടുള്ള വീട്ടിലെത്തി ആദരം അര്‍പ്പിച്ച് മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.

ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ് പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ് എന്ന് പാർവതി പറഞ്ഞു. ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍ എല്ലാ ദിവസവും അദ്ദേഹത്തെ ഓര്‍മിക്കാറുണ്ട്. സിനിമാ മേഖലയില്‍ ഉള്ളവര്‍ മാത്രമല്ല വിവിധ മേഖലകളിലുള്ള എല്ലാ ആളുകളും അദ്ദേഹത്തെ ഓര്‍മിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ട് എന്നും പാർവതി പറഞ്ഞു.

ഇന്നലെ രാവിലെ ഡയാലിസിസിന് പോവുമ്പോഴായിരുന്നു ശ്രീനിവാസന് ശാരീരിക അസ്വസ്ഥതയുണ്ടായത്. ഉടൻ തന്നെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ വിമലയാണ് ഒപ്പമുണ്ടായിരുന്നത്. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് കണ്ടനാടുള്ള വീട്ടിലേക്ക് മൃതദേഹം എത്തിക്കുകയായിരുന്നു. അവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് ടൗൺഹാളിലെത്തിച്ചത്.

Read more