'കരഞ്ഞ് തീർത്ത സന്ദർഭങ്ങൾ ഒരുപാടുണ്ടായിട്ടുണ്ട്, അന്ന് ബാസ്റ്റാർഡ് എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്'; മണിയൻപിള്ള രാജു

നടൻ, നിർമാതാവ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മണിയൻപിള്ള രാജു. വളരെ ചെറുപ്പത്തിലെ സിനിമയിലെത്തിയ മണിയൻപിള്ള രാജു തന്റെ സിനിമയിലെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ചതാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

സിനിമയിലെ തൻ്റെ ആദ്യകാലം അത്ര സുഖകരമായിരുന്നില്ല. താൻ സിനിമയിൽ വന്ന സമയത്ത് സെറ്റിൽ നിന്ന് കരയേണ്ടി വന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്. ഒരിക്കൽ എ.ബി രാജിന്റെ രാജു റഹിം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ചിത്രത്തിൻ്റ ഒരു സീനിൽ താനും ബഹദൂർ ഇക്കയും നടന്ന് വരുമ്പോൾ ഒരു പട്ടി നെക്ലെെസുമായി ഓടി വരുന്നു, പട്ടിടെ വായിൽ നിന്ന് നെക്ലെെസ് വാങ്ങി നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീൻ.

ചെല്ലപ്പൻ കുട്ടപ്പൻ എന്ന രണ്ട് കഥാപാത്രമായാണ് ഞങ്ങൾ എത്തിയത്. ഡയറക്ടർ ആക്ഷൻ പറഞ്ഞു. കുറെ നേരം നിന്നിട്ടും പട്ടി വരാത്തത് കൊണ്ട് താൻ ആ നെക്ലെെസ് എടുത്ത് ഡയലോ​ഗ് പറയാൻ വന്നപ്പോൾ ഡയറക്ടർ കട്ട് പറഞ്ഞു. ഇത് കണ്ട ബഹദൂർ ഇക്ക ബാസ്റ്റാർഡ് എന്ന് വിളിച്ച് തന്നെ വഴക്ക് പറഞ്ഞു. പട്ടിടെ ബോധം പോലും നിനക്കില്ലെ എന്നാണ് അദ്ദേഹം ചോദിച്ചത്.

പിന്നീട് ഡയറക്ടർ വന്ന് അദ്ദേഹത്തോട് തന്റെ ഭാ​ഗത്തല്ല തെറ്റ് എന്ന് പറഞ്ഞിട്ടാണ് അദ്ദേഹം വഴക്ക് നിർത്തിയത്. അത് തനിക്ക് ഒരുപാട് വിഷമമുണ്ടാക്കിയിരുന്നു. തന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു അത്. അതിന്റെ പേരിൽ താൻ കുറെ കരഞ്ഞിരുന്നെന്നും, എന്നാൽ പിന്നീട് ബഹദൂർ ഇക്ക അടുത്ത് വന്ന് തന്നെ ആശ്വസിപ്പിക്കുകയും തൻ്റെ പേര് മാറ്റണമെന്ന് അന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും  മണിയൻപിള്ള രാജു പറഞ്ഞു.