അങ്ങനെ ആവണമെങ്കിൽ ചാപ്ലിനെ പോലെ ഒരു ജീനിയസ് ആയിരിക്കണം; 'തഗ് ലൈഫി'നെ കുറിച്ച് മണിരത്നം

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സിനിമയാണ് മണിരത്നം- കമൽ ഹാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘തഗ് ലൈഫ്’. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കേ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മണിരത്നം.

സിനിമ തികച്ചും വ്യത്യസ്തമായ ഒന്നാണെന്നാണ് മണിരത്നം പറയുന്നത്.
പ്രവചനാതീതമായ തരത്തിൽ ആയിരിക്കില്ല സിനിമയുടെ മുന്നേറ്റമെന്നും മണിരത്നം പറയുന്നു.

“ആർക്കും പ്രവചിക്കാവുന്ന തരത്തിൽ ഒരേ ഴോണറിൽ സിനിമയെടുക്കണമെങ്കിൽ ചാപ്ലിനെ പോലെ ഒരു ജീനിയസ് ആയിരിക്കണം. പ്രവചനാതീതമായിരിക്കുന്നതിനാൽ പുതുമയുള്ളത് പ്രേക്ഷകന് കൊടുക്കാനാകുമെന്നാണ് വിശ്വാസം. എങ്ങനെ ചിത്രീകരിക്കുമെന്ന ആശയങ്ങളൊന്നും ഇല്ലാതെയാണ് ഓരോ സിനിമയെയും സമീപിക്കുന്നത്, അതിൽ നിന്ന് ഒന്നുണ്ടാക്കി പുറത്തു കടക്കുകയാണ് രീതി” ഗലാട്ട പ്ലസ് റൗണ്ട് ടേബിളിൽ ബരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് മണിരത്നം തഗ് ലൈഫിനെ കുറിച്ച് പറഞ്ഞത്.

രംഗരായ ശക്തിവേൽ നായ്ക്കൻ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ സിനിമയിൽ അവതരിപ്പിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നത് തന്നെയാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത.

എ. ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.