അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി മണിക്കുട്ടന്‍

മൂന്നാം സീസണ്‍ ബിഗ് ബോസ് മലയാളം അവസാനിച്ചത് മലയാളികള്‍ക്ക് പുതിയൊരു ഹീറോയെ സമ്മാനിച്ചാണ് . മറ്റാരുമല്ല, എംകെ എന്ന മണിക്കുട്ടന്‍. പതിനഞ്ചു വര്‍ഷ കാലമായി അഭിനയ രംഗത്ത് സജീവമായിട്ടും ലഭിക്കാത്ത അംഗീകാരവും പ്രശംസയും ഒക്കെയാണ് താരത്തിന് ഈ ഷോയിലൂടെ ലഭിച്ചത്.

മോഹന്‍ലാലില്‍ നിന്ന് ബിഗ് ബോസ് ട്രോഫി വാങ്ങിയ ശേഷം താരം ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നെ വളരെ വേദനിപ്പിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഒരു അഭിനയ വിദ്യാര്‍ത്ഥി എന്നാണ് ഞാന്‍ എന്നെ തന്നെ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ എത്ര വര്‍ഷമായാലും ചാന്‍സ് ചോദിച്ചു ഒരു സംവിധായകനെ വിളിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.

ഓരോ ആഴ്ചയും ഞാന്‍ രണ്ടു പേരെ എങ്കിലും വിളിക്കും. അവര്‍ എന്നെ കാസ്റ്റിംഗ് ഡയറക്ടറിലേക്ക് നയിക്കും. എന്നാല്‍ അവരില്‍ നിന്ന് കിട്ടിയ മറുപടി പല തവണ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എന്നെ പരിചയപ്പെടുത്തി കഴിയുകയും അവര്‍ ഒരു നോ പറയും. ഒരു സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാന്‍ പോലും അവര്‍ എന്നെ സമ്മതിക്കാറില്ല. ചിലപ്പോള്‍ അവരെ ആകര്‍ഷിച്ച കഥാപാത്രങ്ങളൊന്നും എനിക്കിതുവരെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ആ തീ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഓരോ ടാസ്‌കും എനിക്ക് ഓരോ സ്‌ക്രീന്‍ ടെസ്റ്റ് ആയിരുന്നു. ഞാന്‍ എന്താണെന്ന് തെളിയിക്കാനുള്ള ഒരു അവസരം,’ മണിക്കുട്ടന്‍ പറയുന്നു.