ജയിലറില്‍ വില്ലനായി ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെ; രജനികാന്ത് പറഞ്ഞത് വെളിപ്പെടുത്തി വസന്ത് രവി

‘ജയിലര്‍’ സിനിമയില്‍ സംവിധായകന്‍ നെല്‍സണ്‍ വില്ലനായി ആദ്യം മനസ്സില്‍ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നുവെന്ന് നടന്‍ വസന്ത് രവി. ചിത്രത്തിന്റെ സെറ്റില്‍ വച്ച് രജനികാന്ത് ആണ് ഇക്കാര്യം തന്നോടു പറഞ്ഞതെന്നും വസന്ത് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. ജയിലറില്‍ രജനിയുടെ മകന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് വസന്ത് ആണ്.

വില്ലന്‍ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സില്‍ കണ്ടത്. രജനി സര്‍ തന്നെ സെറ്റില്‍വച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് നെല്‍സണും പറഞ്ഞ ഉടനെ മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പക്ഷേ അതിനു ശേഷം കുറേ ആലോചിച്ചു. അവര്‍ മലയാളത്തില്‍ എത്രയോ വലിയ നടനാണ്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതില്‍ തനിക്കു തന്നെ വിഷമമുണ്ടെന്ന് രജനി സര്‍ എന്നോടു പറഞ്ഞു.

അദ്ദേഹത്തെപ്പോലൊരാള്‍ക്ക് ഇങ്ങനെയൊരു നെഗറ്റിവ് റോള്‍ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിനു ശേഷം മമ്മൂട്ടി സാറിനെ വിളിച്ച്, ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി- വസന്ത് രവി പറഞ്ഞു.

Read more

അതേസമയം, മമ്മൂട്ടി തന്നെ വേണം എന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ കൊണ്ടുവരണമെന്നാണ് തന്റെ മനസില്‍ ഉണ്ടായിരുന്നതെന്നാണ് സംവിധായകന്‍ നെല്‍സണ്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇതുപോലെ ആകില്ലായിരുന്നു. വിനായകന്റെ റോളില്‍ ഒരു പുതുമയുണ്ട്. വിനായകന്‍ വേറെ ലെവല്‍ ആളാണ്. അദ്ദേഹത്തിന്റെ ലുക്ക് എനിക്ക് വലിയ ഇഷ്ടമാണെന്നും നെല്‍സണ്‍ പറഞ്ഞു.