'കായല്‍ കടന്ന് കോളജിൽ എത്തിയ ആ പഴയ ചെറുപ്പക്കാരന്‍..'; മഹാരാജാസില്‍ ഓര്‍മ്മകളുമായി മമ്മൂട്ടി, വീഡിയോ

നടന്‍ അല്ലാത്ത കാലത്ത് കഥയെയും കഥാപാത്രങ്ങളെയും സ്വപ്നം കണ്ടു നടന്ന കലാലയത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ മനോഹര കാഴ്ചകളുമായി മമ്മൂട്ടി. പുതിയ സിനിമ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസില്‍ എത്തിയപ്പോഴുള്ള വീഡിയോയാണിത്.

”എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു” എന്ന വാക്കുകളോടെ വാഹനത്തില്‍ മഹാരാജസിന്റെ മുന്നില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്.

”ലൈബ്രറിയില്‍ നിന്നത് മലയാളിയുടെ മഹാ നടനല്ല, ചെമ്പ് എന്ന ദേശത്തു നിന്ന് കായല്‍ കടന്ന് കോളേജിലെത്തിയ മുഹമ്മദുകുട്ടി എന്ന ആ പഴയ ചെറുപ്പക്കാരനാണ്. സിനിമാ നടനല്ല മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം” എന്ന് പറഞ്ഞാണ് മഹാരാജാസിലെ ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തുന്നത്.

അവിടുത്തെ പഴയ മാഗസിനുകള്‍ അന്വേഷിച്ചതും. ആദ്യമായി തന്റെ ചിത്രം അടിച്ചു വന്ന മാഗസിന്‍ മമ്മൂട്ടി കണ്ടെത്തി. ‘ആദ്യമായി എന്റെ ചിത്രം അച്ചടിച്ചു വന്നത് ഇതിലായിരിക്കാം… എന്റെ കോളേജ് മാഗസിനില്‍…’ എന്നാണ് മമ്മൂട്ടി പറയുന്നത്.

മഹാരാജാസിലെ കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുത്ത് മടങ്ങുന്ന മമ്മൂട്ടി അവസാനം പറയുന്ന വാചകങ്ങളും ശ്രദ്ധേയമാണ്. ”കാലം മാറും, കലാലയത്തിന്റെ ആവേശം അത് മാറില്ല” എന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി മടങ്ങുന്നത്. അതേസമയം, റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂര്‍ സ്‌ക്വാഡ് സംവിധാനം ചെയ്യുന്നത്.

View this post on Instagram

A post shared by Mammootty (@mammootty)