ആ സംവിധായകൻ ലോഹിതദാസിന്റെ മുഖത്തേക്ക് തിരക്കഥ കീറിയെറിഞ്ഞു; അനുഭവം പങ്കുവെച്ച് മമ്മൂട്ടി

മലയാളത്തിലെ എക്കാലത്തെയും മികച്ചതിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ലോഹിതദാസ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപാട് മികച്ച കഥാപാത്രങ്ങളും സിനിമകളും 24 വർഷത്തെ തന്റെ സിനിമ ജീവിതത്തിനിടയിൽ ലോഹിതദാസ് സമ്മാനിച്ചു. സംവിധായകനായും ലോഹിതദാസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സിബി മലയിൽ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ തനിയാവർത്തനം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തായി ലോഹിതദാസ് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ സ്വതന്ത്ര തിരക്കഥാകൃത്തായി മാറുന്നതിന് മുൻപ് മറ്റുള്ളവർക്ക് വേണ്ടി തിരക്കഥയെഴുതാനും തിരുത്തലുകൾ നടത്താനും ലോഹിതദാസ് തയ്യാറായിട്ടുണ്ട്. അക്കാലത്ത് ലോഹിതദാസിനുണ്ടായ ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് മമ്മൂട്ടി.

“വളരെ പ്രസിദ്ധനായൊരു എഴുത്തുകാരനായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ തിരക്കഥ തിരുത്തിക്കൊടുക്കുക എന്നതായിരുന്നു ലോഹിതദാസിന്റെ പണി. അങ്ങനെ തിരക്കഥ തിരുത്തി നല്‍കിയ ലോഹിതദാസിന്റെ മുഖത്തേക്ക് ആ സംവിധായകന്‍ തിരക്കഥ കീറിയെറിയുന്നത് ഞാൻ കണ്ടതാണ്.

ലോഹിയുടെ ആ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ചെയ്തിട്ടാണ് ഇത് എന്ന മട്ടില്‍. ഞാന്‍ ഒരു സഹായം ചെയ്യാന്‍ വന്ന ആളല്ലേ, ഞാന്‍ എന്ത് ദ്രോഹമാണ് ഈ സിനിമയ്ക്ക് ചെയ്തത്. എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ലോഹി ആലോചിച്ചിട്ടുണ്ടാകും.

പിന്നീട് തനിയാവര്‍ത്തനത്തിന്റെ ചിത്രീകരണത്തിനിടെ എന്നെ കാണാനായി ആ പഴയ സംവിധാനകനും അയാളുടെ നിര്‍മ്മാതാവും എത്തി. അന്ന് നിന്നു പോയ സിനിമ പൂര്‍ത്തിയാക്കണം എന്നതായിരുന്നു ആവശ്യം. ചെയ്യാം എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഒരു നിബന്ധനയുണ്ട്. ലോഹിയെ ചൂണ്ടി തിരക്കഥ ലോഹി എഴുതണം എന്ന് പറഞ്ഞു. അങ്ങനെ ലോഹിതദാസ് വീണ്ടും ബിനാമിയായി ആ തിരക്കഥ പൂര്‍ത്തിയാക്കി. അന്ന് തുടങ്ങിയതാണ് താനും ലോഹിതദാസും തമ്മിലുള്ള ബന്ധം.” എന്നാണ് ലോഹിതദാസിനെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മമ്മൂട്ടി ഓർത്തെടുത്തത്.