സയനൈഡ് മോഹന്റെ കഥയോ 'കളങ്കാവല്‍'? മറുപടി നല്‍കി മമ്മൂട്ടി

‘കളങ്കാവല്‍’ സിനിമയ്ക്ക് സയനൈഡ് മോഹന്‍ കേസുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മമ്മൂട്ടി. ചിത്രം സയനൈഡ് മോഹന്റെ കേസിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സയനൈഡ് മോഹന്റെ കേസുമായിട്ട് ബന്ധമില്ലെന്നും പക്ഷെ സിനിമയില്‍ സയനൈഡ് ഉപയോഗിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

”സയനൈഡ് മോഹന്റെ കേസുമായിട്ട് കളങ്കാവലിന് ബന്ധമില്ല. പക്ഷെ സിനിമയില്‍ സയനൈഡ് ഉപയോഗിക്കുന്നുണ്ട്. സയനൈഡ് മോഹനുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. പക്ഷെ അതുപോലെ ഒരാളുടെ കഥയാകാം ഇത്. അങ്ങനെ ഒത്തിരി പേരെ നമ്മള്‍ പിടിച്ചിട്ടുണ്ടല്ലോ. പക്ഷെ സംവിധായകനെയും എഴുത്തുകാരനെയും ഇന്‍സ്പയര്‍ ചെയ്ത മൊമെന്റുകള്‍ സിനിമയിലുണ്ടാകാം” എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.

മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കളങ്കാവല്‍ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികള്‍ കളങ്കാവലിനായി കാത്തിരിക്കുന്നത്.

Read more

ഒരു ഗംഭീര ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും കളങ്കാവല്‍ എന്നാണ് ട്രെയ്ലര്‍ നല്‍കിയ സൂചന. സെന്‍സറിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് ഡ/അ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍.