വിശക്കുന്ന വയറിന് മുന്നില്‍ വികസത്തിന് വിലയില്ല.. അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണ്: മമ്മൂട്ടി

അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി. സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപന ചടങ്ങിലാണ് താരം സംസാരിച്ചത്. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്രം പരിപൂര്‍ണമായി തുടച്ചുമാറ്റപ്പെടണം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല എന്നാണ് മമ്മൂട്ടി പറയുന്നത്.

ഞാന്‍ അഞ്ചെട്ട് മാസത്തിന് ശേഷം ആദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് കേരളപ്പിറവി ദിനത്തില്‍ തന്നെ ആയതില്‍ സന്തോഷമുണ്ട്. കേരളത്തിന് എന്നേക്കാള്‍ നാലഞ്ച് വയസ് കുറവാണ്. കേരളം എന്നേക്കാള്‍ ഇളയതും ചെറുപ്പവുമാണ്. നമ്മുടെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളുടെ 20ല്‍ ഒരു ഭാഗം പോലുമില്ലാത്ത കേരളമാണ് ഇത്രയും വലിയ നേട്ടങ്ങള്‍ കൊയ്യുന്നത്.

സാമൂഹിക സേവന രംഗങ്ങളില്‍ നമ്മള്‍ മറ്റ് പലരേയും അപേക്ഷിച്ച് മുന്നിലാണ്. ഈ നേട്ടങ്ങളെല്ലാം നേടിയത് നമ്മുടെ സാമൂഹിക ബോധത്തിന്റെ, ജനാധിപത്യ ബോധത്തിന്റെ ഫലമായി തന്നെയാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ. ദാരിദ്രം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്. ഒരുപാട് പ്രതിസന്ധിയെ നാം കേരള ജനത തോളോട് തോള്‍ ചേര്‍ന്ന് നിന്ന് അതിജീവിച്ചിട്ടുണ്ട്.

എട്ടൊമ്പത് മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ്. ഞാന്‍ ഇപ്പോള്‍ വന്നപ്പോള്‍ ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. എറണാകുളത്ത് നിന്ന് യാത്ര ചെയ്താണ് ഞാന്‍ ഇവിടെ വന്നത്. ഒരുപാട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ആറേഴ് മാസങ്ങള്‍ക്കകം ആ യാത്ര സുഗമമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, വിചാരിക്കുന്നു. അത് വികസനം തന്നെയാണ്.

വികസനം എന്ന് പറയുമ്പോള്‍ ആരുടെ വികസനമാണ്? രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മ്മിക്കപ്പെടുന്നതുകൊണ്ട് നാം വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്രം പരിപൂര്‍ണമായി തുടച്ചുമാറ്റപ്പെടണം. കേരളം പലതിനും മാതൃകയായിട്ടുള്ളതാണ്. കേരള ജനത എന്നും അത്തരം സംരംഭങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിട്ടിണ്ട്.

Read more

അതുപോലെ തോളോട് തോള്‍ ചേര്‍ന്ന് സാഹോദര്യത്തോടെ നമുക്ക് ദാരിദ്രത്തെ തുടച്ചുമാറ്റാം. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും, വിശക്കുന്ന വയറിന് മുമ്പില്‍ ഒരു വികസനത്തിനും വിലയില്ല. ആ വയറുകള്‍ കൂടെ കണ്ടുതന്നെയാണ് വികസനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതും എന്നാണ് മമ്മൂട്ടി പറഞ്ഞത്.