'ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ?'; ചോദ്യത്തിന് മറുപടിയുമായി മമ്മൂട്ടി

‘റോഷാക്ക്’ ചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് നടന്‍ ആസിഫ് അലി അവതരിപ്പിച്ചത്. എന്നാല്‍ മുഴുവന്‍ സമയവും മുഖം മറച്ചാണ് ഈ കഥാപാത്രം സ്‌ക്രീനില്‍ എത്തുന്നത്. മുഖം മൂടിയ്ക്ക് പിന്നിലുള്ളത് ആസിഫ് അലിയാണെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, ‘ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ’ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്‌നേഹമാണ് അവനോട്.

കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിന് അപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം.

മനുഷ്യന്റെ ഏറ്റവും എക്‌സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. അതിന് കൈയ്യടി നല്‍കണം എന്നാണ് മമ്മൂട്ടി അബുദാബിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ പറയുന്നത്.