രഹസ്യം പറയാനുണ്ടെന്ന് രാജു പറഞ്ഞപ്പോള്‍ സിനിമാ കാര്യമല്ലെന്ന് ഊഹിച്ചു, പ്രതീക്ഷകളെല്ലാം തെറ്റിച്ചാണ് അക്കാര്യം പറഞ്ഞത്: മല്ലിക സുകുമാരന്‍

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യില്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തിലാണ് മല്ലിക സുകുമാരന്‍ എത്തുന്നത്. തന്റെ അതിമോഹത്തെ കുറിച്ചും പൃഥ്വി അക്കാര്യം തന്നോട് അവതരിപ്പിച്ചതിനെ കുറിച്ചുമാണ് മല്ലിക ഇപ്പോള്‍ പറയുന്നത്. ഉത്തരവാദിത്വങ്ങളെല്ലാം ഒതുങ്ങി ഒന്ന് ഫ്രീയായപ്പോഴാണ് സിനിമയിലേയ്ക്ക് വീണ്ടും വരണമെന്ന് ആഗ്രഹം ഉണ്ടാകുന്നത്.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ അമ്മ ആകണമെന്നുള്ളൊരു അതിമോഹം ഉണ്ടായിരുന്നു. ജയറാമിന്റേയും ദിലീപിന്റേയും അമ്മയായിട്ടുണ്ട്. ചില നല്ല വേഷങ്ങളും കിട്ടി. എടുത്ത് പറയേണ്ടത് സാറാസ് എന്ന ചിത്രത്തിലെ അമ്മച്ചിയുടെ വേഷമാണ്.

ആ വേഷം കണ്ടിട്ട് ഒരുപാട് പേര്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. നേരിട്ടും അല്ലാതെയും. അതിന് നന്ദി പറയേണ്ടത് സംവിധായകന്‍ ജൂഡ് ആന്തണിയോടാണ്. അങ്ങനെയിരിക്കെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 17 ന് എന്നോട് രഹസ്യം പറയാനുണ്ടെന്ന് രാജു അറിയിക്കുന്നത്.

സിനിമാക്കാര്യം ആവില്ലെന്ന് താന്‍ ഊഹിച്ചു. തന്റെ പ്രതീക്ഷകളെയെല്ലാം തെറ്റിച്ച് രാജു തന്നോട് പറഞ്ഞത്, അവന്‍ സംവിധാനം ചെയ്യാനൊരുങ്ങുന്ന ബ്രോ ഡാഡിയിലെ തന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു. അത് തന്നെ അത്യധികം സന്തോഷിപ്പിക്കാന്‍ കാരണമുണ്ടായിരുന്നു. അതില്‍ മോഹന്‍ലാലിന്റെ അമ്മവേഷമാണ്.

അച്ഛനും മകനുമായിട്ടാണ് ലാലും രാജുവും അതില്‍ അഭിനയിക്കുന്നത്. താന്‍ ലാലിന്റെ അമ്മയാകുമ്പോള്‍ രാജുവിന് അമ്മൂമ്മയാണ്. ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് എന്ന് മല്ലിക പറയുന്നു. ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.