'ആടുജീവിത'ത്തിനും 'കങ്കുവ'യ്ക്കും താങ്കൾക്ക് അവാർഡ് കിട്ടട്ടെയെന്ന് ജ്യോതിക പറഞ്ഞു: മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി

സൂര്യ പ്രധാന കഥാപാത്രമായത്തുന്ന തമിഴ് ചിത്രം കങ്കുവയിലും ബ്ലെസി- പൃഥ്വിരാജ് കൂട്ടുക്കെട്ടിലിറങ്ങുന്ന ആടുജീവിതത്തിലും മേക്കപ്പ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിരിക്കുന്നത് മലയാളിയായ രഞ്ജിത്ത് അമ്പാടിയാണ്. രണ്ട് ചിത്രങ്ങളുടെയും പോസ്റ്ററുകൾ ഇറങ്ങിയതു മുതൽ ചിത്രങ്ങളിലെ മേക്കപ്പിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തു വന്നിരുന്നത്.

ഇപ്പോഴിതാ കങ്കുവ സെറ്റിലെ വിശേഷങ്ങൾ  പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി. ആടുജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ആടുജീവിതം തനിക്ക് മിസ്സായ സിനിമയാണ് എന്നാണ് സൂര്യ തന്നോട് പറഞ്ഞത് എന്ന് രഞ്ജിത് അമ്പാടി പറയുന്നു.

“കങ്കുവയുടെ ലൊക്കേഷനിൽ ആദ്യ ദിവസം ഞാൻ സൂര്യ സാറുമായി പരിചയപ്പെടുകയാണ്. ഞാൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ പുള്ളി ഭയങ്കര സന്തോഷത്തിൽ കൈ ഒക്കെ തന്നു. വേറെ ഏതെങ്കിലും പടങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ആടുജീവിതം കഴിഞ്ഞതേയുള്ളൂ എന്ന് പറഞ്ഞപ്പോൾ ബൈ പറഞ്ഞു പോകുന്ന ആൾ വീണ്ടും വന്നിട്ട് ഷേക്ക് ഹാൻഡ് തന്നിട്ട് ‘ഞാൻ ഭയങ്കര മിസ്സ് ചെയ്ത സിനിമയാണ്, നമ്മൾ ഇല്ലല്ലോ’ എന്ന വിഷമവും പറഞ്ഞു.

അത് കഴിഞ്ഞ് രണ്ടുമൂന്നു ഷെഡ്യൂൾ കഴിഞ്ഞിട്ട് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിക വന്നിരുന്നു. നമ്മുടെ മേക്കപ്പ് ടെന്റ് ഒരു കിലോമീറ്റർ അപ്പുറത്താണ്. അദ്ദേഹം നമ്മളെ വിളിച്ചുവരുത്തി ജ്യോതികയുടെ അടുത്ത് എന്നെ പരിചയപ്പെടുത്തി. ഇതാണ് രഞ്ജിത്ത്, അവാർഡ് കിട്ടിയിട്ടുണ്ട്. ആടുജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു.

അത് കേട്ടപ്പോൾ പുള്ളിക്കാരി ഭയങ്കര സന്തോഷത്തോടെ ‘എന്തായാലും സാറിന് ആടു ജീവിതത്തിന് അവാർഡ് കിട്ടും, ഈ പടത്തിനും താങ്കൾക്ക് അവാർഡ് കിട്ടും’ എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞിട്ടാണ് മലയാളിയാണോ എന്ന് ചോദിച്ചത്. ഞാൻ പകുതി മലയാളവും തമിഴും മിക്സ് ചെയ്തിട്ടാണ് സംസാരിക്കുന്നത്. അതെ മലയാളിയാണ് എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് മാഡം മലയാളിയാണോ എന്ന് ചോദിച്ചതെന്ന് ചോദിച്ചപ്പോൾ ‘മലയാളികളാണ് നിറയെ അവാർഡുകൾ വാങ്ങിയിട്ടുള്ളത്’ എന്നായിരുന്നു ജ്യോതികയുടെ മറുപടി.” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത്ത് അമ്പാടി കങ്കുവ സെറ്റിലെ വിശേഷങ്ങൾ പങ്കുവെച്ചത്.