മോദിജിയെ വലിയ തോതില്‍ പിന്തുണയ്ക്കുന്ന ആളാണ്, പക്ഷെ ഇവിടെ എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്: മേജര്‍ രവി

അഗ്നിപഥ് നടപ്പാക്കുന്നത് സൈന്യത്തിലെ ഉന്നതരുമായി കൂടിയാലോചന നടത്താതെയെന്ന് മേജര്‍ രവി. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

എതിര്‍പ്പിന്റെ പേരില്‍ ബിഹാറില്‍ നടക്കുന്ന സംഘര്‍ഷത്തിന് പിന്നില്‍ അവിടത്തെ പ്രി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ മാഫിയയാണെന്നും മേജര്‍ രവി പറഞ്ഞു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നയാളാണെങ്കിലും അഗ്‌നിപഥില്‍ അദ്ദേഹത്തിന് പിഴവ് പറ്റിയെന്നാണ് കരുതുന്നതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.

ചര്‍ച്ച നടത്തേണ്ടത് വിരമിച്ച ആര്‍മി ചീഫുകളും വൈസ് ചീഫുകളുമാണ്. അവര്‍ പ്രധാനമന്ത്രിയെ പറഞ്ഞ് മനസ്സിലാക്കണം. അല്ലാതെ സെക്രട്ടറിക്കും പട്ടാളത്തിനെക്കുറിച്ച് ഒന്നും അറിയില്ല. ഇവരിലെത്ര പേര്‍ സിയാച്ചിനിലോ ഗല്‍വാന്‍ മേഖലയിലോ പോയിട്ടുണ്ട്. കുറഞ്ഞത് പ്രധാനമന്ത്രി എല്ലാ ദീപാവലിക്കും അവിടെ പോവുന്നതാ.

മോദിജിയെ വലിയ തോതില്‍ പിന്തുണയ്ക്കുന്നയാളാണ്. പക്ഷെ ഇവിടെ എവിടെയൊക്കെയോ പിഴവ് പറ്റിയിട്ടുണ്ട്. അത് നമ്മളിലാരെങ്കിലും തുറന്ന് പറഞ്ഞില്ലെങ്കില്‍ എങ്ങനെയാണ്. അതേസമയം തന്നെ കലാപം ഉണ്ടാക്കുന്നവരെ ഒരിക്കലും വിടാന്‍ പറ്റില്ല. മേജര്‍ രവി പറഞ്ഞു.