മാധവൻ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു; തുറന്നുപറഞ്ഞ് ദിയ മിർസ

ബോളിവുഡ് സിനിമയിൽ നായികയായും നിർമ്മാതാവായും തിളങ്ങി നിൽക്കുന്ന താരമാണ് ദിയ മിർസ. ഗൗതം മേനോൻ സംവിധാനം ചെയ്ത ‘രഹനേ മേം തേരെ ദിൽ മേം’ എന്ന ചിത്രത്തിലൂടെയാണ് ദിയ മിർസ ബോളിവുഡ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ദിയയെ കൂടാതെ മാധവനും സൈഫ് അലി ഖാനുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഇപ്പോഴിതാ സിനിമയിലെ മാധവന്റെ നായക കഥാപാത്രം നായികയെ സ്റ്റോക്ക് ചെയ്യുകയായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ദിയ മിർസ. നായിക കഥാപാത്രത്തെ അവതരിപ്പിച്ച തനിക്ക് അതിൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്നും ദിയ പറയുന്നു.

“മാധവന്റെ കഥാപാത്രം സ്റ്റോക്ക് ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാൻ അവതരിപ്പിച്ച കഥാപാത്രമായ റീന തന്നെ അവനോട് ഇറങ്ങിപോവാൻ പറയുന്നുണ്ട്. സ്റ്റോക്ക് ചെയ്യുന്നത് ഓക്കെ ആണെന്നാണ് ആളുകൾ വിചാരിച്ചിരിക്കുന്നത്. പക്ഷേ ചിത്രത്തിൽ മാധവന്റെ കഥാപാത്രത്തിന് ദുരുദ്ദേശമില്ല. സൈഫ് അലി ഖാൻ ചെയ്ത കഥാപാത്രം വളരെ നല്ല മനുഷ്യനായിരുന്നു നായിക എന്തിനാണ് അവനെ ഉപേക്ഷിച്ചത് എന്ന് മനസിലാവുന്നില്ല.” ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിയ മിർസ പറഞ്ഞു.

ഗൗതം മേനോൻ സംവിധാനം ചെയ്ത ‘മിന്നലെ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് രഹനേ മേം തേരെ ദിൽ മേം. തമിഴിൽ മാധവനും അബ്ബാസും റീമ സെന്നുമായിരുന്നു പ്രധാന കഥാപാത്രങ്ങൾ.

സിനിമയ്ക്ക് പുറത്ത് മോഡലിംഗിലും സാമൂഹ്യ സേവനങ്ങളിലും മറ്റുമായി വലിയ തിരക്കിലാണ് ദിയ മിർസ. 2000 ൽ മിസ് ഏഷ്യ പസഫിക് ഇന്റർനാഷണൽ പുരസ്കാരവും ദിയ മിർസ നേടിയിരുന്നു.