ഇത് ചെറുകിട സിനിമകളെ ബാധിക്കും: ഫിയോകിന്റെ പുതിയ തീരുമാനത്തെ കുറിച്ച് ലുക്മാന്‍ അവറാന്‍

ഒന്നു രണ്ട് സിനിമകള്‍ ഒഴികെ ഒട്ടുമിക്ക ചിത്രങ്ങളും ഈ വര്‍ഷം കേരള ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിയാതെ പോയവയാണ്. ഇതു മൂലം വന്‍ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് നേരിടേണ്ടി വന്നത്.

15 ലക്ഷം രൂപയ്ക്ക് മേല്‍ കളക്ഷന്‍ ലഭിച്ച മലയാള ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാറും വെളിപ്പെടുത്തിയിരുന്നു. മലയാള സിനിമാ വ്യവസായം ഒരു ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഫിയോക്ക് തീരുമാനമെടുത്തിരുന്നു.

ഇപ്പോള്‍ ഫിയോകിന്റെ ഈ തീരുമാനത്തോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. ‘ഫിയോക്കിന്റെ തീരുമാനം വലിയ താരങ്ങള്‍ അഭിനയിക്കാത്ത ചെറുകിട സിനിമകളെ തീര്‍ച്ചയായും ബാധിക്കുമെന്നാണ് ലുക്മാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

സിനിമാ വ്യവസായം മുമ്പും ഇത്തരം പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അവ മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്നത്തെ കാലത്ത് പ്രേക്ഷകര്‍ തങ്ങളുടെ സമയത്തിനും പണത്തിനും വലിയ വില കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിയേറ്ററുകളില്‍ കാണേണ്ട സിനിമകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ക്കും സാധിക്കുന്നുണ്ട്, നടന്‍ വ്യക്തമാക്കി.