ആ കഥാപാത്രത്തിന് നേരെയുള്ള ബോഡി ഷെയ്മിംഗ് എന്നെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജ് ഒരുക്കിയ സിനിമ വിക്രം തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ഇതിനിടെ, ചിത്രത്തിലെ ഒരു കഥാപാത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ബോഡി ഷെയിമിംഗ് നടന്നിരുന്നു. ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ അവതരിപ്പിച്ച ആ കഥാപാത്രം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ കഥാപാത്രത്തിനെതിരെയാണ് ബോഡി ഷെയിമിങ് നടന്നത്.

പ്ലിപ് പ്ലിപ് എന്ന യുട്യൂബ് ചാനലിലാണ് ചിത്രത്തെയും, ജാഫറിന്റെ കഥാപാത്രത്തെയും കുറിച്ച് മോശമായി സംസാരിക്കുന്നത്. ജാഫറിന്റെ രൂപത്തെക്കുറിച്ച് വളരെ മോശം പരാമര്‍ശങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. വിക്രമിലെ കഥാപാത്രത്തിന് നേരെ ഉണ്ടായ ബോഡി ഷെയിമിങ് വേദനിപ്പിച്ചെന്നും, ഇത്തരത്തിലുള്ള മോശം പ്രവണതകളെ ശക്തമായി എതിര്‍ക്കണമെന്നുമാണ് ലോകേഷ് പറയുന്നത്.

സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു. കഥാപാത്രത്തെയും അത് ചെയ്ത ആളുടെ അഭിനയത്തെയും ഏത് രീതിയിലും മോശമെന്ന് പറയാനും കാണുന്നവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കഥാപാത്രം അവതരിപ്പിച്ച ആളുടെ ശരീരത്തെ കുറിച്ച് പറയുന്നത് വളരെ മോശമാണ്. ജാഫര്‍ അങ്ങനെ ആകാന്‍ കാരണം അവനല്ല. അദ്ദേഹം വ്യക്തമാക്കി.